ചെന്നൈ: ഡൽഹിയിൽ നടക്കുന്ന കാർഷിക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലും സമരം. തിരുച്ചിറപ്പള്ളിയിലും ദിണ്ടിഗലിലുമാണ് കർഷകർ സമരം നടത്തിയത്. തിരുച്ചിറപ്പള്ളി കളക്ടറേറ്റ് ഉപരോധിച്ച് സമരം നടത്തിയ 100-ലേറെ കർഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കാർഷിക നിയമങ്ങളിലെ പരിഷ്കാരങ്ങൾ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിലും സമരം തുടരും.
ദിണ്ടിഗലിൽ റോഡ് ഉപരോധിച്ച് സമരം നടത്തിയ കർഷകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പോലീസും കർഷകരും തമ്മിൽ ഉന്തുതള്ളുമാകുകയായിരുന്നു. പിന്നീട് കർഷകരെ അറസ്റ്റ് ചെയ്ത് നീക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ഡി.എം.കെ. സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. തിടുക്കത്തിൽ പാർലമെന്റിൽ നിയമം പാസാക്കിയതിലൂടെ കേന്ദ്രസർക്കാർ കർഷകരോട് അനീതി കാട്ടിയെന്ന് നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
കാർഷികവിളയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതും സൗജന്യമായി വൈദ്യുതി അനുവദിക്കുന്നതും തടയുന്നതിലൂടെ കേന്ദ്രം കർഷകരെ പിന്നിൽനിന്ന് കുത്തിയിരിക്കുകയാണ്. കേന്ദ്ര നടപടികളെ പിന്തുണച്ചതിലൂടെ എ.ഐ.എ.ഡി.എം.കെ. സർക്കാരും കർഷകരെ വഞ്ചിച്ചു. സമരം നടത്തുന്ന കർഷകരെ നേരിൽ കണ്ട് ചർച്ച നടത്താനും പുതിയ നിയമങ്ങൾ പിൻവലിക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി, എം.ഡി.എം.കെ. ജനറൽ സെക്രട്ടറി വൈകോ, സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ, വി.സി.കെ. പ്രസിഡന്റ് തിരുമാവളവൻ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.