ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് സമരം തുടങ്ങിയ കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് സാമൂഹികമാധ്യമ പ്രചാരണം തുടങ്ങി. ‘കർഷകർക്കായി ശബ്ദിക്കൂ’ എന്ന പ്രചാരണത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയുമുൾപ്പെടെ രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കാളികളായി. കർഷകർക്ക് നീതിയുറപ്പാക്കുംവരെ കോൺഗ്രസ് സമരത്തെ പിന്തുണയ്ക്കുമെന്നും പ്രചാരണരംഗത്ത് തുടരുമെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷികനിയമം കൊണ്ടുവന്നത് രണ്ടുമൂന്നു സുഹൃത്തുക്കൾക്കു വേണ്ടിയാണെന്നും കർഷകർ ശബ്ദമുയർത്തുമ്പോൾ അതു രാജ്യംമുഴുവൻ അലയടിക്കുമെന്നകാര്യം അദ്ദേഹം മറന്നുവെന്നും പ്രചാരണപരിപാടിയുടെ ഭാഗമായുള്ള വീഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
‘‘മോദി സർക്കാർ കർഷകനെ ദ്രോഹിച്ചു. ആദ്യം കരിനിയമങ്ങൾ കൊണ്ടുവന്നു, പിന്നാലെ ലാത്തി പ്രയോഗിച്ചു. കർഷകനെ ചൂഷണം ചെയ്യുന്ന ഈ നടപടിക്കെതിരേ എല്ലാവരും ശബ്ദമുയർത്തണം. കാർഷിക കരിനിയമങ്ങൾക്കെതിരേ പ്രതിഷേധ ശബ്ദമുയർത്താൻ രാജ്യത്തെ കർഷകർ ശൈത്യത്തിലും വീടും വയലും വിട്ട് ഡൽഹിയിലെത്തിയിരിക്കുന്നു. സത്യവും അസത്യവും തമ്മിലുള്ള ഈ യുദ്ധത്തിൽ നിങ്ങളാർക്കൊപ്പമാണ് നിൽക്കുക-അന്നദാതാവായ കർഷകർക്കൊപ്പമോ പ്രധാനമന്ത്രിയുടെ കോർപറേറ്റ് സുഹൃത്തുക്കൾക്കൊപ്പമോ’’ - രാഹുൽ ചോദിച്ചു. കർഷകർ എവിടെ പ്രതിഷേധിച്ചാലും കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും അവർക്കൊപ്പം നിൽക്കണമെന്നും ഭക്ഷണം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കർഷരുടെ ആവലാതികൾ കേൾക്കണമെന്നും അവർക്കെതിരേ ബലപ്രയോഗം നടത്തരുതെന്നും കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കാർഷിക നിയമത്തിന്റെ പേരിൽ രാജ്യത്തെ ശതകോടീശ്വരന്മാരാണ് പ്രയോജനം നേടുന്നതെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. ‘‘കർഷകരോട് സംസാരിക്കുകപോലും ചെയ്യാതെ എങ്ങനെയാണ് കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്. കർഷകരുടെ താത്പര്യങ്ങൾ എങ്ങനെയാണ് അവഗണിക്കാനാവുക’’ -അവർ ചോദിച്ചു.
മൂന്നു കാർഷികനിയമങ്ങളും ഒഴിവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കണമെന്നും കർഷകർക്കെതിരേ രജിസ്റ്റർചെയ്ത 12,000 എഫ്.ഐ.ആർ. ഉപാധികളില്ലാതെ റദ്ദാക്കണമെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രിമാരും എം.പി.മാരും ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന്റെ ഭാഗമായി. സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രചാരണ പരിപാടി ഏകോപിപ്പിച്ചു.