ന്യൂഡൽഹി: ഏതെങ്കിലും മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് നോട്ടയ്ക്ക് (നൺ ഓഫ് ദി എബവ്) ലഭിച്ചാൽ അവിടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അത്തരം മണ്ഡലങ്ങളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും നേരത്തേ നോട്ടയോട് തോറ്റ സ്ഥാനാർഥികളെ വീണ്ടും മത്സരിക്കുന്നതിൽനിന്നു വിലക്കണമെന്നും ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.
നോട്ടയ്ക്കാണ് കൂടുതൽ വോട്ട് ലഭിച്ചതെങ്കിൽ ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമുപയോഗിച്ച് അവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി പ്രഖ്യാപിക്കണം. അല്ലെങ്കിൽ ഭരണഘടനയുടെയും പൗരൻമാരുടെ മൗലികാവകാശത്തിന്റെയും സംരക്ഷകർ എന്ന നിലയിൽ ഇക്കാര്യം സുപ്രീംകോടതിതന്നെ പ്രഖ്യാപിക്കണം.
രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയാണ്. അതുകൊണ്ടുതന്നെ അവർക്ക് ജനങ്ങളുമായി ബന്ധമുണ്ടാകുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ നോട്ടയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുകവഴി ഈ പ്രശ്നം പരിഹരിക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.