ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ കണക്കെടുപ്പു നടത്താത്തതിനാല്‍ കുടിയേറ്റക്കാരടക്കം എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അടച്ചിടല്‍കാലത്തു സഹായമെത്തിക്കല്‍ വെല്ലുവിളി.

വിവിധ സംസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്ന അതിഥിതൊഴിലാളികള്‍ മുഴുവന്‍ അതതിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരല്ല. മിക്ക സംസ്ഥാനങ്ങളും ഇവര്‍ക്കായി പ്രത്യേകനിധി ആവിഷ്‌കരിക്കാത്തതും സഹായമെത്തിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കും. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ പക്കല്‍തന്നെ അസംഘടിത തൊഴിലാളികളുടെ കണക്കില്ല.

നിര്‍മാണത്തൊഴിലാളികള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച പാക്കേജിനെ ചോദ്യംചെയ്ത് തൊഴിലാളിസംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ആറു കോടിയിലേറെയാണ് നിര്‍മാണത്തൊഴിലാളികള്‍. നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് ഇവര്‍ക്കു സഹായം നല്‍കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. മൂന്നരക്കോടി നിര്‍മാണത്തൊഴിലാളികളേ ഈ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നേതാവ് ദേബാഞ്ജന്‍ ചൗധരി മാതൃഭൂമിയോടു പറഞ്ഞു.

തൊഴിലാളികളുടെകൂടി സംഭാവനയിലുള്ളതാണ് നിര്‍മാണത്തൊഴിലാളിനിധി. ഓരോ തൊഴിലാളിക്കും 10,000 രൂപവീതം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഷോപ്‌സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്‍മെന്റ്‌സ് നിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്യണമെന്നു വ്യവസ്ഥയുണ്ടെങ്കിലും ഒട്ടേറെ തൊഴിലുടമകള്‍ ഇതു പാലിച്ചിട്ടില്ല. ആറാം സാമ്പത്തിക സെന്‍സസനുസരിച്ച് 2013 ജനുവരിമുതല്‍ 2014 ഏപ്രില്‍ വരെയുള്ള കണക്കില്‍ 5.8 കോടി സ്ഥാപനങ്ങളിലായി 13.13 കോടിപ്പേര്‍ അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നു. ഇതില്‍ 1.31 കോടിപ്പേര്‍ കാര്‍ഷികരംഗത്തുള്ളവരാണ്. ശേഷിക്കുന്ന 77.6 ശതമാനം കാര്‍ഷികേതര മേഖലയില്‍ ജോലിയെടുക്കുന്നു. പൊതുഭരണം, പ്രതിരോധം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടില്ല.

നാഷണല്‍ സാംപിള്‍ സര്‍വേ ഓഫ് ഇന്ത്യ 2011-12ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 39.14 കോടിയാണ് അസംഘടിത തൊഴിലാളികള്‍. ഇങ്ങനെ, ഔദ്യോഗിക കണക്കില്‍ത്തന്നെ വലിയ വ്യത്യാസമുള്ളതിനാല്‍ അടച്ചിടലിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ എല്ലാവര്‍ക്കും കിട്ടാനിടയില്ല.