ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ സഹായത്തിനായി പി.എം. കെയേഴ്‌സ് പദ്ധതിയിൽ കേരളത്തിലെ ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ അറിയിച്ചു. ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അവർ.

പി.എം. കെയേഴ്‌സ് പദ്ധതിയിലൂടെ പത്തു ലക്ഷം രൂപ ഓരോ കുട്ടിക്കും സഹായം നൽകും. പതിനെട്ടു വയസ്സു വരെ പ്രതിമാസ സഹായധനവും 23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും നൽകുന്നതാണ് പദ്ധതി. കോവിഡിനെ തുടർന്ന് കേരളത്തിൽ ഒമ്പതുകുട്ടികൾ അനാഥരായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2015 മുതൽ 2019 വരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരിൽ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവർ ദേശീയതലത്തിൽ 11.87 ശതമാനമാണെന്നും അറിയിച്ചു.