ന്യൂഡൽഹി: ശബരി റെയിൽപ്പാതയുടെ (അങ്കമാലി-എരുമേലി) അന്തിമ ലൊക്കേഷൻ സർവേയും പദ്ധതിച്ചെലവും നിശ്ചയിക്കാൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണിതെന്ന് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.

50 ശതമാനം ചെലവുവഹിക്കാൻ കേരളം ആദ്യം തയ്യാറായിരുന്നെങ്കിലും പിന്നീട് പിന്മാറി. അതോടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മന്ത്രാലയം നിർത്തിവെച്ചു. കേന്ദ്രം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒടുവിൽ വീണ്ടും സമ്മതിക്കുകയായിരുന്നു. ഇക്കൊല്ലം ജനുവരി ഏഴിന് അക്കാര്യം വ്യക്തമാക്കിക്കൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. കിഫ്ബിവഴി പണം കണ്ടെത്തുമെന്നായിരുന്നു ഉറപ്പ്. 2815 കോടി രൂപയാണ് മതിപ്പുചെലവ് കണക്കാക്കിയിട്ടുള്ളത്. പാതയുടെ അന്തിമ ലൊക്കേഷൻ സർവേയും പ്രോജക്ട് തുകയും ലഭിച്ചാൽ പദ്ധതി സാമ്പത്തികമായി നിലനിൽക്കുമോയെന്ന് വിലയിരുത്തിയശേഷം തീരുമാനമെടുക്കും -മന്ത്രി വിശദീകരിച്ചു.