ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ കടന്നുപോവുകയായിരുന്ന മ്യാൻമാർ കപ്പലിൽനിന്ന് 300 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് തീരസംരക്ഷണസേന പിടിച്ചെടുത്തു. കപ്പലും അതിലെ ജീവനക്കാരും കസ്റ്റഡിയിലാണ്. ഇവരെ നാർകോട്ടിക് ബ്യൂറോയിലെ അന്തമാൻ പോലീസിലെയും ഉദ്യോഗസ്ഥർ ചോദ്യംചെയ്തുവരുകയാണ്.

സേനയുടെ കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ ദൗത്യത്തിനൊടുവിലാണ് കാർ നിക്കോബാർ ദ്വീപുകൾക്കു സമീപത്തുനിന്ന് കപ്പൽ പിടികൂടിയത്. 1160 കിലോ കെറ്റമിനാണ് കപ്പലിലുണ്ടായിരുന്നത്.

സംശയാസ്പദമായ രീതിയിൽ ശ്രദ്ധയിൽപ്പെട്ട കപ്പൽ ഈമാസം 18-നുതന്നെ തീരസംരക്ഷണസേനയുടെ നിരീക്ഷണത്തിലായിരുന്നു. സേന അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിച്ചിരുന്നില്ല. ഇന്ത്യൻ സമുദ്രമേഖല കേന്ദ്രീകരിച്ചുനടക്കുന്ന മയക്കുമരുന്നു ലോബിയുടെ കണ്ണിയാണോ ഇതെന്നും സംശയമുള്ളതായി ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.

സെപ്റ്റംബർ 14-നു മ്യാൻമാറിലെ ദാംസൺ ബേയിൽനിന്ന്‌ 57 ബണ്ടിൽ മയക്കുമരുന്നുമായി പുറപ്പെട്ടതാണ് കപ്പലെന്നും തായ്‌ലാൻഡ്‌-മലേഷ്യ അതിർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്ന കപ്പലിനു കൈമാറാനായിരുന്നു നിർദേശമെന്നുമാണു ചോദ്യംചെയ്യലിൽ കപ്പൽജീവനക്കാർ പറഞ്ഞത്. വൻ മയക്കുമരുന്നു വേട്ട നടത്തിയ തീരസംരക്ഷണ സേനയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

Content Highlights: 300 crore drug seized from Myanmar ship