ന്യൂഡല്‍ഹി: ഒന്നാം യു.പി.എ. സര്‍ക്കാരിനെ വിവാദത്തിലാക്കിയ 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ. എം.പി.യും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴിയും അടക്കം 17 പ്രതികളേയും കോടതി വെറുതേവിട്ടു.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ഒ.പി. സെയ്‌നി നിരീക്ഷിച്ചു. സി.ബി.ഐ.യുടെ രണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഒരു കേസുമാണ് പ്രത്യേക കോടതി പരിഗണിച്ചത്. അപ്പീല്‍ പോകുമെന്ന് രണ്ട് ഏജന്‍സികളും വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിനെവരെ കരിനിഴലിലാഴ്ത്തിയ കേസ് കോണ്‍ഗ്രസിനെയും ഡി.എം.കെ.യെയും ഒരു പതിറ്റാണ്ടോളമായി വേട്ടയാടുകയായിരുന്നു. സി.ബി.ഐ. കോടതിയുടെ വിധി ഇരു പാര്‍ട്ടികള്‍ക്കും ആശ്വാസം പകരുന്നതായി. പ്രോസിക്യൂഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് 1,552 പേജുള്ള വിധിയിലുള്ളത്.

അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് 2ജി ലൈസന്‍സുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങള്‍ മറച്ചുവെച്ചത് എ. രാജയല്ലെന്നും കോടതി കണ്ടെത്തി. പ്രധാനമന്ത്രിയുടെ സെക്രട്ടറി പുലോക് ചാറ്റര്‍ജിയാണ് രാജയുടെ കത്തിലെ പ്രധാനവും വിവാദപരവുമായ ഭാഗങ്ങള്‍ മറച്ചുവെച്ചത്.

പ്രതികളിലാരുടേയും കുറ്റകൃത്യം തെളിയിക്കുന്ന ഒന്നുംതന്നെ കോടതിക്ക് മുമ്പാകെയെത്തിയില്ല. ലൈസന്‍സിന് അപേക്ഷിക്കേണ്ട അവസാന തീയതി നിശ്ചയിക്കല്‍, ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയത്തില്‍ മാറ്റം വരുത്തല്‍, യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കല്‍ എന്നിവയിലൊന്നും പ്രതികള്‍ കുറ്റം ചെയ്തതായി കണ്ടെത്താനായിട്ടില്ല.

തനിക്കും പാര്‍ട്ടിക്കുമെതിരേ ഉയര്‍ത്തിയ നീതീകരിക്കാനാവാത്ത ആരോപണങ്ങള്‍ തെറ്റായിരുന്നെന്ന് വിധിയോടെ വ്യക്തമായെന്ന് കനിമൊഴി പറഞ്ഞു. വിധിയില്‍ എല്ലാവരും സന്തുഷ്ടരാണെന്നായിരുന്നു രാജയുടെ പ്രതികരണം. അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കി.

എന്‍ഫോഴ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഡി.എം.കെ. നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും പ്രതിയായിരുന്നു. 2ജി ഇടപാടിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഡി.എം.കെ.യുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വി.ക്ക് സ്വാന്‍ ടെലികോം പ്രൊമോട്ടര്‍മാര്‍ 200 കോടി രൂപ നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ്.

എല്ലാം വെറുതെയായി

വിചാരണയാരംഭിച്ച് ഏഴ് വര്‍ഷത്തിനിടെ ഒരാളെങ്കിലും എന്തെങ്കിലും തെളിവുമായി വരുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായി.

-കോടതി
 


വിധിയില്‍ എല്ലാം വ്യക്തം

യു.പി.എ. സര്‍ക്കാരിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെന്ന് കോടതിവിധിയോടെ വ്യക്തമായി. വിധി സ്വയം സംസാരിക്കുന്നതാണ്. അത് മാനിക്കപ്പെടണം. ഞാനെന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നില്ല.

- മന്‍മോഹന്‍ സിങ്


യു.പി.എ.യ്ക്ക് കളങ്കമുണ്ടാക്കിയ കേസ്

2007-2008 ല്‍ 2ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി. റിപ്പോര്‍ട്ടാണ് സംഭവത്തെ രാജ്യശ്രദ്ധയിലെത്തിച്ചത്.

2ജി ലൈസന്‍സ് അനുവദിച്ചതു വഴി ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ലൈസന്‍സുകള്‍ പിന്നീട് സുപ്രീംകോടതി റദ്ദാക്കി.

രണ്ടാം യു.പി.എ. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി. ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിവാദം ഏറെ ഉപയോഗിച്ചു.