Kanimozhiന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ. എം.പി. കനിമൊഴി എന്നിവരുള്‍പ്പെട്ട 2ജി സ്‌പെക്ട്രം കേസുകളില്‍ അന്തിമവാദം പൂര്‍ത്തിയായി. സി.ബി.ഐ. പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി മൂന്നുമാസത്തിനകം വിധിപറഞ്ഞേക്കും. ആറുവര്‍ഷം മുമ്പാണ് 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. സി.ബി.ഐ.യുടെ രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒരു കേസുമാണുള്ളത്.

ആദ്യകേസില്‍ രാജയ്ക്കും കനിമൊഴിക്കും പുറമേ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ഛന്ദോലിയ, സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക, യുണീടെക് എം.ഡി. സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഗൗതം ദോഷി, സുരേന്ദ്ര പിപാറ, ഹരി നായര്‍, കുസേഗാവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കലൈഞ്ചര്‍ ടി.വി. ഡയറക്ടര്‍ ശരദ് കുമാര്‍, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി എന്നിവരാണ് പ്രതികള്‍. ഇവരെക്കൂടാതെ സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നിവയും വിചാരണ നേരിട്ടു.

റിലയന്‍സ് അഡാഗ് ചെയര്‍മാന്‍ അനില്‍ അംബാനി, ഭാര്യ ടിന അംബാനി, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ തുടങ്ങി 154 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ആറു മാസംമുതല്‍ ജീവപര്യന്തംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

രണ്ടാമത്തെ സി.ബി.ഐ. കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോം പ്രമോട്ടര്‍മാരായ കിരണ്‍ ഖെയ്ത്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്ത്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവര്‍ പ്രതികളാണ്. കൂടാതെ ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 19 പേര്‍ക്കെതിരേയാണ് 2014 ഏപ്രിലില്‍ കുറ്റപത്രം നല്‍കിയത്. രാജ, കനിമൊഴി, ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി, ശരദ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലിന് കുറ്റപത്രം നല്‍കിയത്. ഡി.എം.കെ. നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേരും കുറ്റപത്രത്തിലുണ്ട്. കലൈഞ്ചര്‍ ടി.വി.ക്ക് എസ്.ടി.പി.എല്‍. പ്രമോട്ടര്‍മാര്‍ 200 കോടി നല്‍കിയതുമായി ബന്ധപ്പെട്ടാണിത്.