മുംബൈ: രാജ്യത്തെ ഗാർഹിക കടത്തിൽ മുന്നിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. 2013 മുതൽ 2019 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യ റേറ്റിങ്സ് ഏജൻസി നടത്തിയ അഖിലേന്ത്യാ കട - നിക്ഷേപ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഗ്രാമ - നഗര മേഖലകളിൽ ഇവിടെ സമാന സ്ഥിതിയാണുള്ളത്.

2019 - ൽ ഗ്രാമീണമേഖലയിലെ ഗാർഹിക കടത്തിൽ തെലങ്കാനയാണ് ഏറ്റവും മുന്നിൽ. 67.2 ശതമാനം കുടുംബങ്ങൾക്കും കടബാധ്യതയുണ്ട്. 6.6 ശതമാനം മാത്രമുള്ള നാഗാലാൻഡാണ് ഗ്രാമങ്ങളിൽ ഗാർഹിക കടം കുറഞ്ഞ സംസ്ഥാനം. നഗരമേഖലയാകുമ്പോൾ 47.8 ശതമാനവുമായി കേരളമാണ് ഒന്നാമത്. 5.1 ശതമാനം മാത്രമുള്ള മേഘാലയയിലാണ് കുറവ്. അതേസമയം ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ ഉയർന്നു നിൽക്കുന്നതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾതന്നെ.

ഗാർഹിക കടം കൂടുതലുണ്ടെങ്കിലും ഇവയിലധികവും കുറഞ്ഞ തുകകളാണ്. ഗ്രാമീണമേഖലകളിൽ ആസ്തികളുടെ മൂല്യവും അധികമില്ല. കേരളം മാത്രമാണ് ഇതിൽ വ്യത്യസ്തമായുള്ളത്. കടവും ആസ്തിയും തമ്മിലുള്ള അനുപാതം ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതലാണ്. കർണാടകത്തിൽ ഗ്രാമീണ, നഗര മേഖലകളിലിത് ദേശീയ ശരാശരിയേക്കാൾ ഉയർന്നുനിൽക്കുന്നു.

സാധാരണ, ഗാർഹിക കടം കൂടുന്നത് ആ മേഖലയിലെ സാമ്പത്തികത്തകർച്ചയുടെ സൂചനയായാണ് വിലയിരുത്താറെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് വായ്പയെടുക്കാൻ ശേഷി കൂടുതലുള്ളതാകാം കടം കൂടാൻ കാരണമെന്നാണ് പഠനം പറയുന്നു. ഇവിടെ ആളോഹരി വരുമാനം ഉയർന്നുനിൽക്കുന്നതും ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.

കോവിഡ് വ്യാപനത്തിനുശേഷം ഗാർഹികകടം വീണ്ടും ഉയർന്നിട്ടുണ്ട്. ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് രാജ്യത്ത് ഗാർഹിക കടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതം 2020 സാമ്പത്തിക വർഷം നാലാം പാദത്തിലെ 33.8 ശതമാനത്തിൽനിന്ന് 2021 സാമ്പത്തികവർഷം മൂന്നാം പാദത്തിൽ 37.9 ശതമാനമായി കൂടിയിട്ടുണ്ട്. വരുമാനം ഉയർന്നില്ലെങ്കിൽ അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്ക് പണം ചെലവിടുന്നത് കുറയാനുള്ള സാധ്യതയാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് ഉപഭോഗം കൂട്ടുന്നതിനും ആളുകളുടെ വരുമാനം ഉയർത്തുന്നതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.