ന്യൂഡൽഹി: ഛത്തീസ്ഗ്ഢിലും സർക്കാരിനെ അപകടത്തിലാക്കി കോൺഗ്രസിൽ വിമതനീക്കം. ആരോഗ്യമന്ത്രി ടി.എസ്. സിങ്ദേവിന്റെ നേതൃത്വത്തിലാണ് കലാപക്കൊടി. വിഷയം ഗൗരവമായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ പിന്തുണയ്ക്കുന്ന 15 എം.എൽ.എ.മാർ ബുധനാഴ്ച ഹൈക്കമാൻഡ് നേതാക്കളെ കാണാൻ ഡൽഹിയിലെത്തി.

ബഘേലിന്റെ വിശ്വസ്തനും മുതിർന്ന നേതാവുമായ ബൃഹസ്പത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയെ കാണാനായി ഛത്തീസ്ഗഢ് ഭവനിൽ തങ്ങുന്നത്. 60 എം.എൽ.എ.മാർ ബഘേലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് സംഘം അവകാശപ്പെടുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പി.എൽ. പുനിയയെയും ഇവർ കാണും.

90 അംഗങ്ങളുള്ള ഛത്തീസ്ഗഗഢ്‌ നിയമസഭയിൽ കോൺഗ്രസിന് 70 എം.എൽ.എ.മാരാണുള്ളത്. ഒരാളുടെ താത്‌പര്യത്തിനായി 70 എം.എൽ.എ.മാരുടെ ഭാവി അപകടത്തിലാക്കാനാവില്ലെന്ന് ബൃഹസ്പത് സിങ് പറഞ്ഞു.

2018 ഡിസംബറിലാണ് ഛത്തീസ്ഗഢിൽ ബഘേൽ അധികാരമേറ്റത്. രണ്ടര വർഷം കഴിഞ്ഞാൽ തനിക്ക് അവസരം നൽകുമെന്ന് രാഹുൽഗാന്ധി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് ടി.എസ്. സിങ്ദേവ് പറയുന്നത്. നേതൃത്വമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞമാസം സിങ്ദേവ് എം.എൽ.എ.മാരുമായി തലസ്ഥാനത്തെത്തി രാഹുലിനെ കണ്ടിരുന്നു. പിന്നാലെ 55 എം.എൽ.എ.മാരുടെ പിന്തുണ ബോധ്യപ്പെടുത്തി ബഘേലും രാഹുലിനെ കണ്ടു.