ബെംഗളൂരു: ചിക്കമഗളൂരുവിലെ ദത്തപീഠ ക്ഷേത്രത്തിൽ മുസ്‌ലിം പുരോഹിതനെ നിയമിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഹിന്ദു പുരോഹിതനെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു. മുസ്‌ലിം പുരോഹിതനെ നിയമിച്ചത് മുസ്‌ലിങ്ങളുടേയും ഹിന്ദുക്കളുടെയും മതത്തിൽ വിശ്വസിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിൽ മുസ്‌ലിം പുരോഹിതനെ നിയമിച്ച് 2018 മാർച്ച് 19-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉത്തരവിറക്കിയത്. ശ്രീഗുരു ദത്തത്രേയസ്വാമീപീഠ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്ന് ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും തീർഥജലം നൽകാനായിരുന്നു മുസ്‌ലിം പുരോഹിതനെ നിയമിച്ചത്. ഇതിനെതിരേ ശ്രീ ഗുരു ദത്തത്രേയ പീഠ ദേവസ്ഥാന സംവർധന സമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

മൈസൂർ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് നിയമപ്രകാരം പ്രവർത്തിച്ചിരുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ദത്തപീഠ ക്ഷേത്രം. ശ്രീഗുരു ദത്തത്രേയ ബാബാബുധ്‌നസ്വാമി ദർഗ എന്നും ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ചിക്കമഗളൂരു എം.എൽ.എ.യുമായ സി.ടി. രവി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു.