ന്യൂഡൽഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ലാവലിൻ കേസ് ബുധനാഴ്ച സുപ്രീംകോടതിയിൽ. മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ കഴിഞ്ഞമാസം ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടെങ്കിലും വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തുന്നത്.
11 മാസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31-ന് ലാവലിൻ കേസ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലെത്തിയിരുന്നു. എന്നാൽ, 2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും ജസ്റ്റിസ് ലളിത് ഉത്തരവിട്ടു. ഇതോടെ, ലാവലിൻ കേസ് ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്കു പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും ജസ്റ്റിസ് ലളിതിനു മുൻപാകെയെത്തിയത് ശ്രദ്ധേയമാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഇരിക്കുന്നുള്ളുവെന്നതിനാൽ 23-ാമതായി പരിഗണിക്കേണ്ട ലാവലിൻ കേസ് എത്തുമോയെന്ന് സംശയമാണ്. വാദംകേൾക്കൽ വീഡിയോ കോൺഫറൻസിങ് വഴിയായതിനാൽ നടപടിക്രമങ്ങൾ നീണ്ടുപോയേക്കുമെന്നതും കാരണമാണ്.
വിശദമായി വാദം കേൾക്കേണ്ട കേസായതിനാൽ സുപ്രീംകോടതിയിൽ നേരിട്ട് വാദം കേൾക്കൽ ആരംഭിച്ചശേഷമേ പരിഗണിക്കാവൂയെന്നുകാട്ടി പ്രതി ആർ. ശിവദാസൻ കത്ത് നൽകിയിരുന്നു. ശിവദാസന്റെ അപേക്ഷയെ ആരും എതിർത്തിട്ടില്ല.
2017 ഒക്ടോബർ മുതൽ 19 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.
ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോൺഗ്രസ് നേതാവ് വി.എം. സുധീരനും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നതാണ് കേസ്.