ഭോപാൽ: വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിനുമുന്നിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നുപറഞ്ഞ് മധ്യപ്രദേശ് എ.ഡി.ജി.പി. പുരുഷോത്തം ശർമയുടെ ഭാര്യയുടെയും മകന്റെയും പേരിൽ പ്രാദേശിക ടി.വി. ചാനലിലെ വാർത്താ അവതാരക പോലീസിൽ പരാതി നൽകി.

ഭാര്യയെ മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ശർമയെ മധ്യപ്രദേശ് സർക്കാർ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ പദവിയിൽനിന്ന് ഒഴിവാക്കിയത്. പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. വാർത്താ അവതാരകയുടെ ഫ്ലാറ്റിലെത്തി ശർമയെ ഭാര്യ കണ്ടതിനുപിന്നാലെയായിരുന്നു മർദനം.

തന്റെ സ്വകാര്യതയും പ്രതിച്ഛായയും തകർത്തെന്നും പേരുദോഷമുണ്ടാക്കിയെന്നുമാണ് ശർമയുടെ ഭാര്യക്കും മകനുമെതിരേ ഷാപുര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അവതാരക പറയുന്നത്. എ.ഡി.ജി.പി. അച്ഛനെപ്പോലെയാണെന്നും തന്നെ മകളേ എന്നാണ്‌ വിളിക്കാറെന്നും അവർ പറയുന്നു.

‘ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ഇത്തരം വ്യക്തികളുമായി ബന്ധം സൂക്ഷിക്കാറുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുണ്ടെന്നുപറഞ്ഞ് ശർമ ഫോൺചെയ്തിരുന്നു. ചായയ്ക്കായി അദ്ദേഹത്തെ ഫ്ലാറ്റിലേക്ക്‌ ക്ഷണിച്ചു. അദ്ദേഹം വന്നത് അൽപ്പം കഴിഞ്ഞപ്പോൾ ഭാര്യ അതിക്രമിച്ചു കയറി. ഭാര്യയുമായി വഴക്കിട്ട് ശർമ പോയി. ഭാര്യ തന്റെ കിടപ്പുമുറിയുൾപ്പെടെ ചിത്രീകരിച്ചു. മകൻ അത് സാമൂഹികമാധ്യങ്ങളിലിട്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമുന്നയിച്ചെ’ന്ന് പരാതിയിൽ പറയുന്നു.

ആദായനികുതിവകുപ്പിൽ ഡെപ്യൂട്ടി കമ്മിഷണറാണ് ശർമയുടെ മകൻ പാർഥ്.