ന്യൂഡൽഹി: ത്രിപുരയിൽ നടന്ന സാമുദായിക കലാപവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കേസ് ഡിസംബർ 13-ന് വീണ്ടും പരിഗണിക്കും.

മുസ്‌ലിം സമുദായത്തിനെതിരേ ഒക്ടോബറിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രവും വിശ്വാസ്യതയുള്ളതും പക്ഷപാതരഹിതവുമായ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. എഹ്‌തേഷാം ഹാഷ്മിയാണ് ഹർജി നൽകിയത്.

ത്രിപുര കലാപവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണം നടത്തിയതിന് യു.എ.പി.എ. ചുമത്തപ്പെട്ട മാധ്യമപ്രവർത്തകനും രണ്ട് അഭിഭാഷകർക്കും സുപ്രീംകോടതി അറസ്റ്റിൽനിന്നു സംരക്ഷണം നൽകിയിരുന്നു.

യു.എ.പി.എ. പ്രകാരം ത്രിപുര പോലീസ് കേസെടുത്ത മാധ്യമപ്രവർത്തകൻ ശ്യാം മീരാസിങ്, അഭിഭാഷകരായ മുകേഷ് കുമാർ, അൻസാർ ഉൾ ഹഖ് എന്നിവർക്കാണ് സുപ്രീംകോടതി സംരക്ഷണം നൽകിയത്. ത്രിപുരയിൽ ഈയിടെ നടന്ന സാമുദായിക കലാപത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിനാണ് ശ്യാമിന്റെപേരിൽ കേസെടുത്തത്. ‘ത്രിപുര കത്തുന്നു’ എന്ന ശ്യാമിന്റെ ട്വീറ്റാണ് കേസിന് ആധാരം.

അതേസമയം, ത്രിപുരയിലെ മുസ്‌ലിങ്ങളുടെ ജീവൻ അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടി വസ്തുതാ റിപ്പോർട്ടിറക്കിയതിനാണ് അഭിഭാഷകരുടെപേരിൽ കേസെടുത്തത്.