ന്യൂഡൽഹി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും സമഗ്രവികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് സർക്കാർ. ബന്ധപ്പെട്ടവരുമായി വിശദ ചർച്ചകളും നടത്തിയിരുന്നു. കർഷകരിൽ ഒരുവിഭാഗം മാത്രമാണ് സമരം ചെയ്തത്. അവരെ നിയമങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും ബില്ലിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ സർക്കാർ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ ഇതുവരെ കാർഷികമേഖലയിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് പ്രസ്താവനയുടെ ആദ്യഭാഗം. രാജ്യത്തെ ഭൂരിപക്ഷം കർഷകരും രണ്ട് ഹെക്ടറിൽ താഴെമാത്രം കൃഷിഭൂമിയുള്ള ചെറുകിട-ഇടത്തരം കർഷകരാണ്. അവരെ സംരക്ഷിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുടർന്ന് കർഷകക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികൾ സർക്കാർ എണ്ണംപറഞ്ഞ് വിശദീകരിക്കുന്നു.

ചെറുകിട കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുകയായിരുന്നു നിയമങ്ങളുടെ പ്രധാന ഉദ്ദേശ്യം. നല്ല വിലകിട്ടാൻ കർഷകർക്ക് തങ്ങളുടെ കാർഷികോത്‌പന്നങ്ങൾ എവിടെയും ഏതു വിലയ്ക്കും വിൽക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മൊത്തമായി വാങ്ങുന്നവരുമായും സംഘടിത ചെറുകിട വിൽപ്പനക്കാരുമായും കയറ്റുമതിക്കാരുമായും നേരിട്ട് ഇടപെടാൻ കർഷകർക്ക് അവസരമൊരുക്കുക, വിൽപ്പന ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ഇലക്‌ട്രോണിക് ട്രേഡിങ് സംവിധാനത്തിനുള്ള സാഹചര്യം ഒരുക്കുക, കരാർ കൃഷിയിൽ കർഷകതാത്‌പര്യം സംരക്ഷിക്കുന്നതിന് ശക്തമായ നിയമപിൻബലം ഒരുക്കുക എന്നിവയായിരുന്നു ലക്ഷ്യമിട്ടത്‌.

കാർഷികരംഗത്തെ പരിഷ്‌കരണങ്ങൾക്കായി വർഷങ്ങളായി കർഷകരും മേഖലയിലെ വിദഗ്ധരും സാമ്പത്തികവിദഗ്ധരും കാർഷികസംഘടനകളും ആവശ്യം ഉയർത്തിവരുകയായിരുന്നു. ഈ പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ മൂന്ന് ദശകങ്ങളായി വിവിധ സർക്കാരുകൾ ശ്രമിച്ചിരുന്നു.

നിലവിലുള്ള സംവിധാനങ്ങൾ എടുത്തുകളയാതെ കർഷകർക്ക് വ്യാപാരത്തിനും ഇടപാടുകൾക്കും പുതിയ വേദികൾ ഉണ്ടാക്കാനായിരുന്നു ശ്രമം. ഈ വേദികൾ തിരഞ്ഞെടുക്കാൻ കർഷകർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. സമ്മർദമില്ലാതെ അവർക്ക് അവിടെ മെച്ചപ്പെട്ട വില ലഭിക്കുമായിരുന്നു. എന്നാൽ, ഈ നിയമങ്ങളുടെ നടത്തിപ്പ് സുപ്രീംകോടതി ഇടപെട്ട് മരവിപ്പിച്ചു.

കോവിഡ് കാലത്ത് കർഷകർ കഠിനാധ്വാനംചെയ്ത് രാജ്യത്തിന്റെ ഉത്‌പാദനം വർധിപ്പിച്ചു, രാജ്യത്തിന്റെ ആവശ്യം യാഥാർഥ്യമാക്കാൻ ശ്രമിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ വികസനത്തിന്റെയും സമഗ്രമായ വളർച്ചയുടെയും പാതയിൽ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അതിനാൽ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നെന്ന് പ്രസ്താവനയിൽ പറയുന്നു.