ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2010-ൽ കൊൽക്കത്തയിൽ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കവേയാണ് കേന്ദ്രത്തിന്റെ ഉറപ്പ്. ബില്ലിന്റെ അന്തിമ കരട്, കേസിലെ അമിക്കസ് ക്യൂറിക്ക് നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഈ കേസിന്റെ പശ്ചാത്തലത്തിൽ ലൈംഗികത്തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ പ്രദീപ് ഘോഷിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ വെച്ച സുപ്രീംകോടതി, മുതിർന്ന അഭിഭാഷകൻ ജയന്ത് ഭൂഷണെ അമിക്കസ് ക്യൂറിയായും നിയോഗിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ സുപ്രീംകോടതി തിങ്കളാഴ്ച തള്ളി.

കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരടുനിയമം പരിശോധിക്കാൻ കഴിഞ്ഞവർഷം മന്ത്രിതല സമിതിയുണ്ടാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ബിൽ ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിൽത്തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ആർ.എസ്. സൂരി അറിയിച്ചത്.