ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഭേദഗതികളോടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനായി ഡിസംബർ മൂന്നിന് കേരളത്തിന്റെ അഭിപ്രായങ്ങൾ തേടിയുള്ള അവസാനവട്ടചർച്ച നടക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി.യുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു. 2018 ഒക്ടോബർ മൂന്നിന് പുനഃപ്രസിദ്ധീകരിച്ച കരടുവിജ്ഞാപനത്തിന്റെ കാലാവധി ഈ ഡിസംബർ 31-ന് അവസാനിക്കും. സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ കേന്ദ്രം പരിഗണിച്ചുവരുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായസമന്വയത്തിലൂടെ അന്തിമവിജ്ഞാപനത്തിനു ശ്രമിക്കും. കരടുവിജ്ഞാപനത്തിലെ പരിസ്ഥിതിദുർബല പ്രദേശങ്ങളിലെ നിബന്ധനകൾ നിലനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.