ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചലഞ്ചിൽ മെഡിക്കൽ ഉപകരണ വിഭാഗത്തിൽ കേരളം ആസ്ഥാനമായ സംരംഭം രണ്ട് പുരസ്കാരങ്ങൾനേടി ഒന്നാംസ്ഥാനത്തെത്തി.

തിരുവനന്തപുരത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റിൽ ആരംഭിച്ച ‘സസ്‌കാൻ മെഡിടെക്കി’നാണ് ഈ അംഗീകാരം. 15 ലക്ഷം രൂപ സംരംഭത്തിന് ഗ്രാന്റായി ലഭിക്കും. 310 സ്റ്റാർട്ടപ്പുകളിൽനിന്നാണ് സസ്‌കാനെ തിരഞ്ഞെടുത്തത്. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്താണ് തിങ്കളാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

വായിലെ കാൻസറിന് കാരണമാകുന്ന മുറിവുകൾ നേരത്തേയും കൃത്യതയോടെയും കണ്ടെത്താൻ ചെലവുകുറഞ്ഞ ഓറൽ സ്കാൻ ഈ സംരംഭം വികസിപ്പിച്ചിരുന്നു. 2020-ലാണ് ഇത് പുറത്തിറക്കിയത്. ഇപ്പോൾ എട്ടു സംസ്ഥാനങ്ങളിൽ ലഭ്യമാണ്. ഗർഭാശയഗള അർബുദവും ഗർഭാശയ അർബുദവും നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്നതും കൈയിൽ കൊണ്ടുനടക്കാവുന്നതുമായ ഉപകരണമാണ് രണ്ടാമത്തെ കണ്ടുപിടിത്തം. ശരീരത്തിനുള്ളിൽ ഉപകരണം കടത്തേണ്ട ആവശ്യമില്ല. സെർവിസ്‌കാൻ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഉടനെ വിപണിയിലിറങ്ങും.

ബയോമെഡിക്കൽ സംരംഭകനായി മാറിയ ശാസ്ത്രജ്ഞൻ ഡോ. സുഭാഷ് നാരായണനാണ് ‘സസ്‌കാൻ’ തുടങ്ങിയത്. ബയോഫോട്ടോണിക്സും അനുബന്ധ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയാണ് അർബുദം അറിയാനുള്ള ചെലവുകുറഞ്ഞ ഉപകരണങ്ങൾ വികസിപ്പിക്കുന്നത്.