മുംബൈ: പുതിയ കാർഷിക നിയമത്തിനെതിരേസമരം ചെയ്യുന്ന കർഷകരെ ഭീകരരോടെന്നപോലെയാണ് കേന്ദ്രസർക്കാർ നേരിടുന്നതെന്നും ഇത് രാജ്യത്തെ മുഴുവൻ കർഷകരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
കർഷകരെ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുന്നതുകാണുമ്പോൾ അവർ ഈ രാജ്യത്തുനിന്നുള്ളവർ അല്ലെന്നുതോന്നും. ഭീകരരെയെന്നപോലെയാണ് അവരെ നേരിടുന്നത്. പഞ്ചാബിൽനിന്നും ഹരിയാണയിൽനിന്നും വരുന്ന സിഖുകാരായതുകൊണ്ട് ഖലിസ്താനികളെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇത് കർഷകർക്ക് അപമാനമാണ് -റാവുത്ത് പറഞ്ഞു.
കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ ഒന്നുമാത്രമാണ് പുതിയ കാർഷികനിയമമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. മിക്കസംസ്ഥാനങ്ങളും പ്രതിസന്ധികൾ നേരിടുകയാണ്. അതുകൊണ്ട് കർഷകരുടെ രക്ഷയ്ക്ക് കേന്ദ്രം തന്നെ ഇടപെടണം -റാവുത്ത് കൂട്ടിച്ചേർത്തു.