മുംബൈ: താമസസ്ഥലത്തെ കെട്ടിടത്തിലെ ലിഫ്റ്റിന്റെ രണ്ടു വാതിലുകൾക്കിടയിൽ കുടുങ്ങിപ്പോയ ബാലൻ ചതഞ്ഞു മരിച്ചു. ധാരാവിയിലെ സാഹുനഗറിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ക്രോസ് റോഡിലെ കോസി ഹൗസിങ് സൊസൈറ്റിയിൽ, നാലാം നിലയിലെ വീട്ടിലേക്ക് ചേച്ചിക്കും അനിയത്തിക്കുമൊപ്പം വരികയായിരുന്ന ഹൊസേഫ ശൈഖ് എന്ന അഞ്ചു വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്.
കൈകൊണ്ട് അടയ്ക്കുന്ന രണ്ടു വാതിലുകളുള്ള പഴയ രീതിയിലുള്ള ലിഫ്റ്റായിരുന്നു. നാലാം നിലയിലെത്തിയപ്പോൾ ചേച്ചിയും അനിയത്തിയും ആദ്യം ഇറങ്ങി. പുറത്തിറങ്ങിയ ഹൊസേഫ ഉള്ളിലെ ഇരുമ്പഴി വാതിൽ അടയ്ക്കുമ്പോഴേക്ക് പുറത്തുള്ള മരവാതിൽ അടഞ്ഞു. ഹൊസേഫ രണ്ടു വാതിലിനും ഇടയിൽ കുടുങ്ങിപ്പോയി. അപ്പോഴേക്കും താഴെ നിന്നാരോ ലിഫ്റ്റ് വിളിച്ചു. നീങ്ങാൻ തുടങ്ങിയ ലിഫ്റ്റിനും വാതിലിനും ഇടയിൽപ്പെട്ട ഹൊസേഫ അതിന്റെ ഷാഫ്റ്റിന്റെ മുകളിലേക്കു വീഴുകയായിരുന്നു.
വീട്ടിലെത്തിയ സഹോദരങ്ങൾ ഹൊസേഫ ലിഫ്റ്റിൽനിന്ന് ഇറങ്ങിയിട്ടില്ലെന്നു പറഞ്ഞപ്പോൾ അമ്മ വന്ന് അന്വേഷിച്ചെങ്കിലും ആരെയും കണ്ടില്ല. ചോരപ്പാടുകൾ കണ്ടു നോക്കിയപ്പോഴാണ് ലിഫ്റ്റിന്റെ മുകൾ ഭാഗത്ത് ചതഞ്ഞ നിലയിൽ ഹൊസേഫയുടെ ശരീരം കണ്ടത്. ഹൊസേഫ ലിഫ്റ്റിൽനിന്ന് ഇറങ്ങുന്നതും വാതിൽ അടയുന്നതും സഹായത്തിനായി മുട്ടി വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലിഫ്റ്റിനുള്ളിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.