മുംബൈ: സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ കാരണവും സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നതിനാലും മഹാരാഷ്ട്രയിലേക്കും ഇവിടെനിന്ന് പുറത്തേക്കുമുള്ള ട്രെയിൻ ടിക്കറ്റുകൾ വ്യാപകമായി റദ്ദാക്കപ്പെടുന്നു. മുംബൈയിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ടിക്കറ്റ്‌ റദ്ദാക്കുന്നത്. മുംബൈയിൽനിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ളതും റദ്ദാക്കപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഒരാഴ്ചയോളമായി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ആഴ്ചകൾക്കുമുമ്പ് ദിവസം 3000- ത്തിൽ താഴെയായിരുന്നു പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണമെങ്കിൽ കഴിഞ്ഞ ഒരാഴ്ചയായി ഇത് 5000-ത്തിനു മേലെയാണ്. ഇതിൽ അഞ്ചിൽ ഒന്നും മുംബൈയിലാണ്. ഇതാണ് മുംബൈയിലേക്ക് ടിക്കറ്റെടുത്ത പലരും അത് റദ്ദാക്കാൻ ഒരു കാരണം.

കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രാ സർക്കാർ പുതിയമാനദണ്ഡം കൊണ്ടുവന്നതും യാത്രക്കാർക്ക് തിരിച്ചടിയായി. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് റിപ്പോർട്ട് കൈയിൽ കരുതണമെന്നായിരുന്നു നിബന്ധന. റിപ്പോർട്ട് ഇല്ലാത്തവർക്ക് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്കു വിധേയമാകേണ്ടിയും വന്നു.

പഞ്ചാബിലും രാജസ്ഥാനിലും കർഷകരുടെ പ്രതിഷേധം ഇതുവഴിയുള്ള തീവണ്ടിഗതാഗതത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇതും യാത്ര റദ്ദാക്കുന്നതിനു കാരണമായി. മധ്യ റെയിൽവേയിൽ കഴിഞ്ഞമാസം 10,000-ത്തിലധികം യാത്രക്കാരാണ് ശരാശരി ഒരുദിവസം യാത്ര റദ്ദാക്കിയിരുന്നത്. എന്നാൽ ഈമാസം ഇത് 16,500-ലേക്കുയർന്നു. പശ്ചിമ റെയിൽവേയിൽ ഇത് യഥാക്രമം 8000-വും 16,000-വും ആണ്. യാത്രക്കാർ കുറഞ്ഞതിനെത്തുടർന്ന് ആഴ്ചകൾക്കുമുമ്പ് മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്‌പ്രസ് ഓട്ടം റദ്ദാക്കിയിരുന്നു.

മുംബൈയ്ക്കും ഗുജറാത്തിനുമിടയിൽ ഇടയ്ക്കിടെ ബിസിനസ് യാത്ര ചെയ്യുന്നവർപോലും പുതിയ നിബന്ധനകൾ വന്നതോടെ അതുവേണ്ടെന്നു വെച്ചിരിക്കയാണ്. ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മുംബൈയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.