മുംബൈ: ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിയിരുന്ന അന്വയ് നായിക്കും അമ്മ കുമുദും ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. ഇരകൾക്ക് നീതി ഉറപ്പാക്കുന്ന ശക്തമായ കുറ്റപത്രമായിരിക്കും പോലീസ് തയ്യാറാക്കുകയെന്ന് അദ്ദേഹം നാഗ്പുരിൽ വ്യക്തമാക്കി.

കേസിൽ പ്രതിയായ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കും കൂട്ടുപ്രതികളായ ഫിറോസ് ശൈഖ്, നിതേഷ് സർദ എന്നിവർക്കും ജാമ്യം സുപ്രീംകോടതി നാലാഴ്ചകൂടി ദീർഘിപ്പിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. അർണാബിനു ജാമ്യം ലഭിച്ചെങ്കിലും നിയമന നടപടികളിൽനിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് മന്ത്രി നൽകുന്നത്. ആത്മഹത്യപ്രേരണക്കേസിൽ പ്രതികൾക്കെതിരായ അന്വേഷണം അവസാനിപ്പിച്ച പോലീസിന്റെ നടപടി തെറ്റായിരുന്നെന്നും കോടതിയുടെ അനുമതിയോടെയാണ് അന്വേഷണം പുനരാരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ സർക്കാരിനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വയ് നായിക്കും അമ്മ കുമുദും അലിബാഗിലെ വസതിയിൽ രണ്ടുവർഷംമുമ്പു ജീവനൊടുക്കിയ കേസിന്റെ പുനരന്വേഷണത്തിനിടെ നവംബർ നാലിനാണ് അർണാബ് ഗോസ്വാമിയെ റായ്ഗഢ് ലോക്കൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട് അലിബാഗിലെ താത്കാലികജയിലിലും തലോജ ജയിലിലും കഴിയേണ്ടിവന്ന അർണാബ് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് നവംബർ 11-നാണ് ജയിൽ മോചിതനായത്.

കോൺകോഡ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിയ നായിക്കിനെയും അമ്മ കുമുദിനെയും 2018 മേയ് മാസത്തിലാണ് അലിബാഗിലെ ഫാംഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്റീരിയർ ഡിസൈൻ നിർവഹിച്ചതിന് പ്രതിഫലമായി റിപ്പബ്ലിക് ടി.വി. അടക്കം മൂന്നു പ്രമുഖസ്ഥാപനങ്ങൾ തങ്ങൾക്കു തരാനുള്ള പണം തരാത്തതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഈ കടുംകൈക്ക്‌ പ്രേരിപ്പിച്ചതെന്ന് അന്വയ് നായിക്ക് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.