ന്യൂഡൽഹി: ഷാങ്‌ഹായ് സഹകരണസംഘത്തിൽ (എസ്.സി.ഒ.) ഉൾപ്പെട്ട രാജ്യങ്ങളുടെ ഭരണാധിപർ പങ്കെടുക്കുന്ന ഉച്ചകോടി തിങ്കളാഴ്ച നടക്കും. ഇന്ത്യയാണ് ആതിഥേയർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അധ്യക്ഷത വഹിക്കും.

ചൈന, റഷ്യ, ഉസ്ബെക്കിസ്താൻ, കിർഗിസ്താൻ, താജികിസ്താൻ, ഖസാക്കിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവർ പങ്കെടുക്കുന്നില്ല. പാകിസ്താന്റെ വിദേശകാര്യ പാർലമെന്ററി സെക്രട്ടറി അന്ദലീബ് അസീസ് യോഗത്തിൽ പങ്കെടുക്കും.

2017-ലാണ് ഇന്ത്യ എസ്.സി.ഒ.യിൽ അംഗത്വം നേടുന്നത്. സംഘടനയുടെ ഉന്നതയോഗത്തിന് ആദ്യമായാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.