ന്യൂഡൽഹി: കടുവകൾക്ക് സുരക്ഷിതമായ, സ്വാഭാവിക വാസസ്ഥലങ്ങൾ ഉറപ്പാക്കാനും കടുവസൗഹൃദ പരിസ്ഥിതിസംവിധാനം പരിപോഷിപ്പിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമെന്ന് അന്താരാഷ്ട്ര കടുവദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ചയായിരുന്നു കടുവദിനം.

എല്ലാ സസ്യ-ജന്തു ജാലങ്ങളോടും ഇണങ്ങി ജീവിക്കുക എന്ന മഹത്തായ പാരമ്പര്യം നമുക്ക് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണ്. 18 സംസ്ഥാനങ്ങളിലായി 51 കടുവസംരക്ഷണകേന്ദ്രങ്ങൾ രാജ്യത്തുണ്ട്. 2018-ലെ കണക്കെടുപ്പുപ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം വർധിച്ചുവരുകയാണ്. കടുവസംരക്ഷണവുമായി ബന്ധപ്പെട്ട സെയ്‌ന്റ് പീറ്റേഴ്സ്ബർഗ് പ്രഖ്യാപനത്തിൽ പറഞ്ഞതിനും നാലുകൊല്ലംമുമ്പേ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം രാജ്യം നേടിയെന്നും അദ്ദേഹം പറഞ്ഞു. .