ന്യൂഡൽഹി: പെഗാസസ് ഫോൺചോർത്തൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്റിന്റെ മഴക്കാലസമ്മേളനം എട്ടാംദിവസവും തടസ്സപ്പെട്ടു. പ്രതിപക്ഷബഹളത്തിനിടെ ലോക്‌സഭ രണ്ടുബില്ലുകൾ ചർച്ചകൂടാതെ പാസാക്കി. എയർപോർട്‌സ് ഇക്കോണമി െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബിൽ, ഇൻലൻഡ് വെസൽസ് ബിൽ എന്നിവയാണ് അംഗീകരിച്ചത്.

ലോക്‌സഭയിൽ കടലാസ് കീറിയെറിഞ്ഞുള്ള പ്രതിപക്ഷപ്രതിഷേധത്തെ സ്പീക്കർ ഓം ബിർള കടുത്ത ഭാഷയിൽ അപലപിച്ചു. ബുധനാഴ്ച ചില അംഗങ്ങൾ അധ്യക്ഷക്കസേരയ്ക്കുനേരെ കടലാസ് കീറിയെറിഞ്ഞ സംഭവം വേദനിപ്പിച്ചെന്നും ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. രാവിലെ സഭചേർന്ന ഉടനെയാണ് സ്പീക്കർ പ്രസ്താവനനടത്തിയത്. കടലാസും പ്ലക്കാർഡുകളും കീറിയെറിഞ്ഞ് പ്രതിഷേധിച്ച അംഗങ്ങളെ സ്പീക്കർ ബുധനാഴ്ച വൈകീട്ട് ചേംബറിൽ വിളിച്ചുവരുത്തി താക്കീതുനൽകിയിരുന്നു. എ.എം.ആരിഫ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരടക്കം 13 പേരെയാണ് താക്കീതുചെയ്തത്.

അംഗങ്ങൾ കടലാസും പ്ലക്കാർഡുകളും അധ്യക്ഷക്കസേരയ്ക്കുനേരെ കീറിയെറിഞ്ഞ സംഭവം സഭയെ അപമാനിക്കലും സഭാധ്യക്ഷനെ നിന്ദിക്കലുമായെന്ന് ഓം ബിർള പറഞ്ഞു. ഇതൊന്നും പാർലമെന്റിന്റെ പാരമ്പര്യമല്ല. അംഗങ്ങൾ പരിപാലിച്ചില്ലെങ്കിൽ എങ്ങനെയാണ് പാർലമെന്ററി നടപടിക്രമങ്ങൾ ശക്തിപ്പെടുന്നത്. വിഷയങ്ങൾ ഉയർത്താൻ എല്ലാ അംഗങ്ങൾക്കും അവശ്യമായ സമയം നൽകുകയും അവർക്ക് ആദരവ് നൽകുകയുമാണ് താൻ ചെയ്യാറുള്ളതെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറുടെ പരാമർശത്തോട് കോൺഗ്രസിന്റെ സഭാനേതാവ് അധീർരഞ്ജൻ ചൗധരി പ്രതികരിച്ചു. സഭയുടെ അന്തസ്സ് പരിപാലിക്കാൻ പ്രതിപക്ഷം എക്കാലത്തും സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ, സർക്കാരിന്റെ നിഷേധാത്മകമനോഭാവംമൂലമാണ് ഇതൊക്കെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ ഭരണപക്ഷം ബഹളമുയർത്തി. കടലാസ് കീറിയെറിഞ്ഞ് സ്പീക്കറെ അപമാനിക്കാൻ ശ്രമിച്ചവർ മാപ്പുപറയാൻപോലും തയ്യാറാകുന്നില്ലെന്ന് പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. ബഹളത്തെത്തുടർന്ന് സഭ 11.30 വരെ നിർത്തി െവച്ചു.

തുടർന്ന് രണ്ടുവട്ടം നിർത്തിെവച്ചശേഷം രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോഴാണ് രണ്ടുബില്ലുകൾ ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കിയത്. സഭ ക്രമപ്രകാരമല്ലാത്ത സ്ഥിതിയിൽ ഇൻലൻഡ് വെസൽസ് ബിൽ പരിഗണിക്കുന്നത് ശരിയല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടിയെങ്കിലും സഭയെ നിയന്ത്രിച്ചിരുന്ന കിരീട് സോളങ്കി പരിഗണിച്ചില്ല. രാജ്യസഭയിലും സമാനരംഗങ്ങളാണ് അരങ്ങേറിയത്.