ന്യൂഡൽഹി: ദത്തെടുക്കൽ, കുട്ടികളുടെ രക്ഷാകർതൃത്വം എന്നിവ സംബന്ധിച്ച് മത, ലിംഗ വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങൾക്കും നിയമ കമ്മിഷനുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.

ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപാധ്യായ നേരത്തേ നൽകിയ ഹർജിക്കൊപ്പം ഇതും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

ദത്തെടുക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത വ്യക്തിനിയമങ്ങൾ കാരണം ആശയക്കുഴപ്പമുണ്ടാകുന്നത് നടപടികൾ വൈകാൻ കാരണമാകുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കാനും നിയമനടപടികളുടെ സമയം ലാഭിക്കാനും ഏകീകൃത നിയമംകൊണ്ട് സാധിക്കുമെന്ന് ഹർജി പറയുന്നു.