കൊൽക്കത്ത: ബംഗാളി നടി സായോനി ഘോഷിനെ യുവമോർച്ച സംസ്ഥാനാധ്യക്ഷൻ സൗമിത്ര ഖാൻ ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ച സംഭവത്തിൽ ബി.ജെ.പി. ക്ഷമാപണം നടത്തി. ഇത് ബി.ജെ.പി.യുടെ ഭാഷയല്ലെന്നും നടിയോടും കുടുംബത്തോടും എല്ലാ ബംഗാളികളോടും ക്ഷമചോദിക്കുന്നുവെന്നും പാർട്ടി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

ബിഷ്ണുപുർ എം.എൽ.എ.യാണ് സൗമിത്ര ഖാൻ. ഹിന്ദുദേവതകളെ ട്വീറ്റിലൂടെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി. നേതാവും മുൻ മേഘാലയ ഗവർണറുമായ തഥാഗതറോയ്, സായോനിക്കെതിരേ പരാതി നൽകിയിരുന്നു. 2015-ൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക്ചെയ്തവരാണ് ഇത് ചെയ്തതെന്ന് നടി വിശദീകരണം നൽകുകയും ചെയ്തു. അതിനിടയിലാണ് സൗമിത്രയുടെ പരാമർശം. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമായി.

ക്ഷമാപണം നടത്തിയത് നല്ല കാര്യമാണെന്നും ക്ഷമചോദിക്കുന്നതുകൊണ്ട് ആരും ചെറുതാകുന്നില്ലെന്നും സായോനി പറഞ്ഞു. ലൈംഗികത്തൊഴിലാളികളെയും താൻ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.