ബെംഗളൂരു: യെലഹങ്കയിൽ മയക്കുമരുന്നുമായി പിടിയിലായ വിദേശിയുമായി ചേർന്ന് ലഹരിമരുന്ന് വിൽപ്പനനടത്തിയ മലയാളി യുവാവിനെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടി. യെലഹങ്കയിൽ ലഘുഭക്ഷണശാല നടത്തിവരികയായിരുന്ന കണ്ണൂർ സ്വദേശി നിസാ(35)മാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പിടിയിലായ ഐവറി കോസ്റ്റ് സ്വദേശി ഡയമണ്ടെ (37) യുമായി സൗഹൃദം സ്ഥാപിച്ചാണ് നിസാം മയക്കുമരുന്ന് ഏജന്റായി മാറിയതെന്ന് പോലീസ് പറഞ്ഞു.

ലഘുഭക്ഷണശാലയിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയിരുന്ന ഡയമണ്ടെയിൽനിന്നാണ് നിസാം എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വാങ്ങിയിരുന്നത്. തുടർന്ന് ആവശ്യക്കാരെ കണ്ടെത്തി വിൽപ്പന നടത്തുകയായിരുന്നു. നിസാമിന്റെ അനുജനും മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് പിടിയിലായിരുന്നു. ഇയാൾ പരപ്പന അഗ്രഹാരജയിലിലാണ്.

ബുധനാഴ്ചയാണ് യെലഹങ്കയിൽ ഡയമണ്ടെ പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് അറസ്റ്റിലായത്. 25 ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എ. ഗുളികകളും മൂന്നു മൊബൈൽ ഫോണും ബൈക്കും പോലീസ് കണ്ടെടുത്തിരുന്നു. ഇയാളിൽ നിന്നാണ് നിസാമിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് സംഘം സ്ഥിരമായി ലഹരിമരുന്നുകൾ എത്തിച്ചു കൊടുത്തവരെക്കുറിച്ചും അന്വേഷണം നടത്തും.

സമാനമായ മറ്റൊരുകേസിൽ നൈജീരിയ സ്വദേശിയായ രണ്ടുപേരും പോലീസിന്റെ പിടിയിലായി. ഇവരിൽനിന്ന് 100 ഗ്രാം എം.ഡി.എം.എ.യും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.