ന്യൂഡൽഹി: കേന്ദ്ര പ്രവാസി കമ്മിഷൻ രൂപവത്കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവാസി കമ്മിഷനുണ്ടാക്കണം എന്നാവശ്യപ്പെട്ട്‌ പ്രവാസിയും പ്രവാസി ലീഗൽ സെൽ ഒമാൻ കൺട്രി ഹെഡ്ഡുമായ അനീസുർ റഹ്മാൻ ആണ് ഹർജി നൽകിയത്. അടിയന്തരമായി തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.

ഗോവ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവാസി കമ്മിഷനുകൾ നിലവിലുണ്ടെങ്കിലും വിദേശത്തുള്ള എംബസികളും മറ്റും കേന്ദ്രസർക്കാരിന്റെ കീഴിലായതിനാൽ ജുഡീഷ്യൽ അധികാരങ്ങളോടുകൂടെയുള്ള കേന്ദ്ര പ്രവാസി കമ്മിഷൻ വേണമെന്നാണ് ഹർജിയിലെ ആവശ്യം.

പ്രവാസികൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമേതിരേ നടപടി സ്വീകരിക്കൽ, പ്രവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന എംബസികളുടെയും മറ്റ് ഉദ്യഗസ്ഥരുടെയും നടപടികൾ പരിശോധിക്കൽ എന്നിവയ്ക്ക് കേന്ദ്ര പ്രവാസി കമ്മിഷനേ സാധിക്കൂ എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരനുവേണ്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ദീപാ ജോസഫ്, അഡ്വ. ബ്ലെസ്സൻ മാത്യൂസ് എന്നിവർ ഹാജരായി.