കൊൽക്കത്ത: മുൻ ബംഗാൾ മന്ത്രി ഉപേൻ ബിശ്വാസ് തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ കോർ കമ്മിറ്റിയംഗവും സി.ബി.ഐ. വിഷയങ്ങളിൽ ഉപദേഷ്ടാവുമായിരുന്നു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബിശ്വാസിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഏറെ നാളായി തൃണമൂൽ നേതൃത്വവുമായി അകൽച്ചയിലുമായിരുന്നു.

സിംഗൂർ-നന്ദിഗ്രാം സമര കാലത്താണ് മമതയുടെ അപേക്ഷ പ്രകാരം ബിശ്വാസ് തൃണമൂലിൽ ചേർന്നത്. 2011-ൽ ബാഗ്ദ മണ്ഡലത്തിൽ ജയിച്ച അദ്ദേഹം ആദ്യ മമത സർക്കാരിൽ പിന്നാക്ക വിഭാഗക്ഷേമ മന്ത്രിയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു.

സി.ബി.ഐ. അഡീഷണൽ ഡയറക്ടറായിരുന്ന ബിശ്വാസാണ് മുൻ മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവും ജഗന്നാഥ് മിശ്രയും ശിക്ഷിക്കപ്പെട്ട കാലിത്തീറ്റ കുംഭകോണം അന്വേഷിച്ചത്. അടുത്തകാലത്ത് എഴുതിയ ഒരു പുസ്തകത്തിൽ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നാണെന്ന് ബിശ്വാസ് അഭിപ്രായപ്പെട്ടിരുന്നു.