അഗർത്തല: കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കുസമീപമുള്ള ഗൊരുർബന്ദിലാണ് മതിൻ മിയയെ (29) രണ്ടുപശുക്കളുമായി ഞായറാഴ്ച വെളുപ്പിന്‌ ഗ്രാമവാസികൾ പിടികൂടിയത്. മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മർദിച്ചു. മേലാഘറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിൻ മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണൽ പോലീസ് ഓഫീസർ സൗവിക് ദേ പറഞ്ഞു.

മതിന്റെ അച്ഛൻ ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുടെ പേരിൽ കൊലക്കുറ്റത്തിന്‌ കേസെടുത്തു. തപൻ ഭൗമിക് എന്നയാളുടെ പരാതിയിന്മേൽ പശുക്കൾ മോഷണംപോയതിന്‌ മറ്റൊരുകേസും രജിസ്റ്റർചെയ്തിട്ടുണ്ട്. മതിന്റെ പേരിൽ പശുമോഷണത്തിന്‌ മുമ്പും പരാതിലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: 29-year-old man lynched on suspicion of cattle theft in tripura