മൈസൂരു: അടുത്തമാസം നടക്കാനിരിക്കുന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ എം.പി. സുമലതയുടെ പിന്തുണ തേടി കോൺഗ്രസും ബി.ജെ.പി.യും. തിരഞ്ഞെടുപ്പിൽ നിഷ് പക്ഷത പാലിക്കുമെന്ന് സുമലത വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പിന്തുണയുറപ്പിക്കാൻ കോൺഗ്രസും ബി.ജെ.പി.യും തീവ്ര ശ്രമത്തിലാണ്

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുമലതയെ ബി.ജെ.പി. പിന്തുണച്ചിരുന്നു. സുമലതയുടെ ഭർത്താവ് അന്തരിച്ച അംബരീഷ് കോൺഗ്രസ് നേതാവായിരുന്നെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ചത് ജെ.ഡി.എസിെനയായിരുന്നു. എന്നാൽ, പ്രാദേശിക നേതാക്കളുടെ പിന്തുണ സുമലതയ്ക്ക് ലഭിച്ചിരുന്നു. എം.എൽ.സി. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ മാത്രം പിന്തുണയ്ക്കാൻ പ്രയാസമാണെന്നാണ് സുമലതയുടെ നിലപാട്.

ദിനേഷ് ഗൂലിഗൗഡയാണ് കോൺഗ്രസ് സ്ഥാനാർഥി. സുമലതയുടെ പിന്തുണയ്ക്കായി ഏറ്റവുമധികം പരിശ്രമിക്കുന്നതും ദിനേഷാണ്. മഞ്ജുവാണ് ബി.ജെ.പി. സ്ഥാനാർഥി. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ പിന്തുണച്ചതിന് സുമലത സഹായിക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം. ജെ.ഡി.എസിന്റെ കടുത്ത വിമർശകയായ സുമലതയുടെ പിന്തുണ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് ഇരു പാർട്ടികളും കണക്കുകൂട്ടുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത എം.പി.യായത്.

സിറ്റിങ് എം.എൽ.സി.യായ അപ്പാജി ഗൗഡയാണ് ജെ.ഡി.എസ്. സ്ഥാനാർഥി. സീറ്റ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ജെ.ഡി.എസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മാണ്ഡ്യ. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പാർട്ടിക്ക് ഭരണമുണ്ട്. അതിനാൽ, സീറ്റ് നിലനിർത്തേണ്ടത് അഭിമാനപ്രശ്നമായാണ് ജെ.ഡി.എസ്. കാണുന്നത്. കോൺഗ്രസ്, ബി.ജെ.പി., ജെ.ഡി.എസ്. പാർട്ടികൾ മാണ്ഡ്യ പിടിക്കാൻ ശക്തമായി രംഗത്തുള്ളതിനാൽ വാശിയേറിയ ത്രികോണ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.