കൊൽക്കത്ത: മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്ന വാൻ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചുകയറി 18 പേർ മരിച്ചു. 12 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കനത്തമൂടൽമഞ്ഞും വാഹനത്തിൻറെ അതിവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മരിച്ചവരിൽ ഒരു കുഞ്ഞും ആറു സ്ത്രീകളും ഉൾപ്പെടും. കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ഫുൽബാരി മേഖലയിൽ സംസ്ഥാനപാതയിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം. നോർത്ത് 24 പർഗാനാസിലെ ബാഗ്‌ദയിൽനിന്ന് മൃതദേഹം നബാദീപ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കേറ്റവരെ ശക്തിനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുപ്പത്തിയഞ്ചു പേരാണ് വാനിൽ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അനുശോചനമറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഇരുവരും വാഗ്ദാനംചെയ്തു.