ചെന്നൈ: കോവിഡ് വാക്സിനെടുക്കാത്തവർക്ക് മദ്യം നൽകുന്നത് വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ടാസ്മാക്ക് വിൽപ്പനശാലകളിൽ വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർക്ക് മദ്യം നൽകേണ്ടെന്നാണ് തീരുമാനം. ഇത് നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. സംസ്ഥാനത്ത് ആളുകൾ വാക്സിൻ എടുക്കാൻ മടിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

തമിഴ്‌നാട്ടിൽ ആകെ 5000-ൽ അധികം ടാസ്മാക്ക് വിൽപ്പനശാലകളുണ്ട്. ഇവിടെ മദ്യം വാങ്ങാൻ എത്തുന്നവരുടെ പേര്, തിരിച്ചറിയൽ രേഖ വിവരങ്ങൾ ഉപയോഗിച്ച് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടാകും ഇനി മുതൽ മദ്യം നൽകുക. ഒരോ ജില്ലകളിലും കളക്ടർമാർ ഇതിന് ക്രമീകരണം ചെയ്യും. തമിഴ്‌നാട്ടിൽ 78 ലക്ഷത്തോളംപേർ രണ്ടാം ഡോസ് വാക്‌സിൻ എടുത്തിട്ടില്ലെന്നാണ് സർക്കാർ കണക്കുകൾ. സംസ്ഥാനത്ത് ഉടനീളം പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തിയിട്ടും കാര്യമായ വ്യത്യാസമുണ്ടാകാത്തതിനാൽ വീടുകളിൽ എത്തി വാക്‌സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം പൊതുപരിപാടികൾ, ഷോപ്പിങ് മാളുകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയ ഇടങ്ങളിൽ എത്തുന്നവർക്ക് വാക്‌സിൻ നിർബന്ധമാക്കിയിരുന്നു. എന്നിട്ടും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കൂടാത വന്നതോടെയാണ് മദ്യം വാങ്ങുന്നതിനും വാക്സിൻ നിർബന്ധമാക്കാൻ ഒരുങ്ങിയത്.