ചെന്നൈ: വീട്ടുകാർ നിർബന്ധപൂർവം വിവാഹമുറപ്പിച്ചതിൽ മനംനൊന്ത് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപുതൂരിനടുത്ത് സന്തവേലൂർ സ്വദേശി രമേഷിന്റെ മകൾ മോഹനപ്രിയയാണ് (18) മരിച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ സുങ്കുവാർഛത്രം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് പറയുന്നത്: ടാസ്മാക്ക് ജീവനക്കാരനായ രമേഷും ഭാര്യ ധനലക്ഷ്മിയും ഏകമകളായ മോഹനപ്രിയയ്ക്ക് ബന്ധുവായ യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്നു. മകളുടെ എതിർപ്പ് വകവെക്കാതെ വിവാഹവുമായി കുടുംബം മുന്നോട്ടുപോയി. ഇതിനാൽ മോഹനപ്രിയ മനോവിഷമത്തിലായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രി രമേഷ് കുടുംബത്തോടെ സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു. ഇടയ്ക്ക് വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് മോഹനപ്രിയ തിരിച്ചുപോന്നു. വീട്ടിലെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെടുത്തിയ അയൽക്കാർ ആംബുലൻസിൽ മോഹനപ്രിയയെ ശ്രീപെരുംപുതൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.