ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം നടന്ന ആദ്യ ഡി.ഡി.സി. (ജില്ലാ വികസനസമിതി) തിരഞ്ഞെടുപ്പിൽ 52 ശതമാനം പോളിങ് രേഖപ്പെടുത്തി. കുൽഗാമിൽ കല്ലെറിഞ്ഞ സംഭവമൊഴികെ പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച നടന്നത്. തിരഞ്ഞെടുപ്പിൽ ജമ്മുവിലെ റിയാസിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് (74.62 ശതമാനം). ഏറ്റവും കുറവ് തെക്കൻ കശ്മീരിലെ പുൽവാമയിൽ (6.7 ശതമാനം).
കശ്മീരിലെ മിക്ക ജില്ലകളിലെയും പോളിങ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണെന്നും, ജനാധിപത്യ അഭിലാഷങ്ങൾ വളർത്തിയെടുത്തതിന്റെ സൂചനയാണിതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.