മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതിയായ സഹകരണബാങ്ക് കുംഭകോണത്തിന്റെ അന്വേഷണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ കക്ഷിചേരാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി പ്രത്യേക കോടതി തള്ളി. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതിതേടി മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം സമർപ്പിച്ച അപേക്ഷയിൽ വാദം തുടരും.
മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കിൽനിന്ന് പഞ്ചസാരസഹകരണസംഘങ്ങൾക്ക് വായ്പകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇതുവഴി സംസ്ഥാനസർക്കാരിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതിയാണ് പോലീസിന്റെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം അന്വേഷിച്ചത്. ക്രമക്കേടുനടക്കുമ്പോൾ ബാങ്കിന്റെ ഡയറക്ടറായിരുന്ന അജിത് പവാർ ഉൾപ്പെടെ 70 പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. പരാതിയന്വേഷിച്ച സാമ്പത്തികകുറ്റാന്വേഷണ വിഭാഗം അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 70,000 പേജുള്ള റിപ്പോർട്ടാണ് സെപ്റ്റംബറിൽ പ്രത്യേക അഴിമതിവിരുദ്ധകോടതിയിൽ സമർപ്പിച്ചത്. കേസിനെപ്പറ്റി വിശദമായ അന്വേഷണം നടത്തിയെന്നും കുറ്റകൃത്യങ്ങൾ എന്തെങ്കിലും നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കോടതി പരിഗണിക്കവേയാണ് കേസിൽ കക്ഷിചേരാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയത്. പോലീസിന്റെ അന്വേഷണത്തിൽ പിഴവുകളുണ്ടെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കരുതെന്നുമാണ് ഇ.ഡി.യുടെ അപേക്ഷയിൽ പറഞ്ഞിരുന്നത്.
ഇങ്ങനെയൊരു അപേക്ഷ നൽകാൻ ഇ.ഡി.ക്ക് അധികാരമില്ലെന്ന് മഹാരാഷ്ട്ര പോലീസ് വാദിച്ചു. ഒരു അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ കോടതിയിൽ ചോദ്യംചെയ്യാൻ മറ്റൊരു അന്വേഷണ ഏജൻസിക്കാകില്ലെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. ഒരു ഹർജിയിൽ, ബോംബെ ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് സഹകരണബാങ്ക് ക്രമക്കേടിനെക്കുറിച്ച് മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയത്. സഹകരണബാങ്കുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസിന്റെ അപേക്ഷ അനുവദിച്ചാൽ അത് തങ്ങളുടെ അന്വേഷണത്തെ ദുർബലമാക്കുമെന്നാണ് ഇ.ഡി.യുടെ ആശങ്ക.