: അഫ്ഗാനിസ്താനിൽ ജനാധിപത്യപരവും സ്വതന്ത്രവുമായ ഭരണസംവിധാനം നിലവിൽ വരണമെന്നാണ് ഇന്ത്യയും അമേരിക്കയും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അമേരിക്കൻ വിദേശികാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു ഇരുവരും. അഫ്ഗാനിലെ സംഘർഷത്തിന് സൈനികപരിഹാരമില്ലെന്നും സൈന്യത്തെ പിൻവലിച്ചെങ്കിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിൽ അമേരിക്ക ഇനിയും പിന്തുണ നൽകുമെന്നും ബ്ലിങ്കൻ പറഞ്ഞു.

കോവിഡ് പ്രതിരോധം, ഉഭയകക്ഷിവാണിജ്യം, നിക്ഷേപം, ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി എസ്. ജയ്ശങ്കർ പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികൾക്കായിരുന്നു ചർച്ചയിൽ മുൻതൂക്കം നൽകിയത്. അഫ്ഗാനിസ്താനിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുമായും ചർച്ച വേണം. അഫ്ഗാനെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കാനോ അഭയാർഥി പ്രദേശമാക്കാനോ അനുവദിക്കരുത്. അതിന് അവിടെ സ്ഥിരതയുള്ള സർക്കാരുണ്ടാകണം -ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

ആഭ്യന്തരസുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം എന്നിവയാണ് ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായത്.