ന്യൂഡൽഹി: കേരളത്തിൽ പ്രീണനരാഷ്ട്രീയം മൂലമാണ് കോവിഡ് കേസുകൾ വർധിച്ചതെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം. ബക്രീദിന് ലോക്ഡൗണിൽ ഇളവുനൽകിയത് ഇതിന് തെളിവാണെന്ന് പാർട്ടി ദേശീയവക്താവ് സാംബിത് പത്ര ആരോപിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ പകുതി കേരളത്തിലാണിപ്പോൾ. സുപ്രീംകോടതിപോലും അതൃപ്തി കാട്ടിയശേഷവും കേരളത്തിലെ ഇടത് സർക്കാർ ആഘോഷങ്ങളിൽ ലോക്ഡൗൺ ഇളവുനൽകുകയാണ്. കൻവർയാത്ര റദ്ദാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പാലിച്ചെങ്കിലും കേരള സർക്കാർ ബക്രീദിന് മൂന്നുദിവസത്തെ ഇളവുനൽകി. പ്രീണനരാഷ്ട്രീയം വിജയിച്ചു, സുപ്രീംകോടതിയുടെ നിർദേശം പാലിക്കപ്പെട്ടില്ല -സാംബിത് പത്ര കുറ്റപ്പെടുത്തി.