ന്യൂഡൽഹി: കുറ്റകൃത്യങ്ങളെ പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുമ്പോൾ ഭരണഘടനാശിൽപ്പികൾ അതുദ്ദേശിച്ചിട്ടില്ലെന്നും സുപ്രീംകോടതി. നിയമസഭയ്ക്കകത്ത് അംഗങ്ങളുടെ ഏതുപ്രവൃത്തിക്കും പരിരക്ഷയുണ്ടെന്നും ഫർണിച്ചർ നശിപ്പിക്കുന്നതും പ്രതിഷേധത്തിന്റെ ഭാഗമാണെന്നുമുള്ള സർക്കാർ വാദങ്ങൾക്ക് മറുപടിയായാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമായോ സഭാനടപടിക്രമമായോ കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സഭാനടപടികളിൽ പേടികൂടാതെ ക്രിയാത്മകവും അർഥവത്തായും പങ്കെടുക്കാനാണ് ഭരണഘടന അനുവദിക്കുന്നതെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ബജറ്റവതരണത്തിനിടെ ‘കാര്യക്ഷമമായി രാഷ്ട്രീയനടപടികളിൽ പങ്കെടുക്കുക’യാണ് അംഗങ്ങൾ ചെയ്തതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. അംഗങ്ങൾക്കെതിരായ കേസ് പിൻവലിക്കാൻ സാധുവായ കാരണമാണതെന്നും പറഞ്ഞു.

കേസ് പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷയ്ക്ക് അനുമതിനൽകുമ്പോൾ മേൽനോട്ടച്ചുമതലമാത്രമേ കോടതിക്കുള്ളൂ. പരിശോധിച്ച് വിധിപറയുന്നതിനുപകരം, പ്രോസിക്യൂട്ടർ സ്വതന്ത്രമായി ചിന്തിച്ചാണോ തീരുമാനമെടുത്തതെന്നുമാത്രം നോക്കിയാൽ മതി.

സംഭവം നടന്നത് സഭയ്ക്കകത്തായതിനാൽ അംഗങ്ങളെ വിചാരണ ചെയ്യാൻ സ്പീക്കറുടെ അനുമതിവേണം. പി.വി. നരസിംഹറാവു കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്.

സഭയ്ക്കകത്ത് പ്രതിഷേധിക്കുന്ന അംഗങ്ങൾക്ക് ഭരണഘടനയുടെ 194-ാം അനുച്ഛേദപ്രകാരം കോടതി നടപടികളിൽനിന്ന് സംരക്ഷണമുണ്ട്. പ്രതിഷേധം ബജറ്റവതരണത്തിനിടെ ആയതിനാൽ വോട്ടുചെയ്യാനുള്ള അവകാശത്തിന്റെ സംരക്ഷണവും ലഭിക്കണമെന്ന് സർക്കാർ വാദിച്ചു.

എന്നാൽ, നിയമസഭാംഗങ്ങൾക്ക് പരിരക്ഷ നൽകുന്ന 194-ാം വകുപ്പിനെ വിശദമായി വ്യാഖ്യാനിച്ചാണ് സർക്കാരിന്റെയും പ്രതികളുടെയും വാദങ്ങളെ സുപ്രീംകോടതി ഖണ്ഡിച്ചത്.

സഭയിൽ സംസാരിച്ചതിനും വോട്ടുചെയ്തതിനുമുള്ള സമ്പൂർണ പരിരക്ഷയാണ് 194(2) അനുച്ഛേദത്തിന്റെ ഒരു ഭാഗം. മറ്റൊന്ന്, സഭയുടെ റിപ്പോർട്ട്, കടലാസ്, വോട്ട്, നടപടിക്രമങ്ങൾ എന്നിവയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്. അനുച്ഛേദം 194(1)-ന് കീഴിൽ വരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൽ വരുന്ന കാര്യങ്ങൾക്കാണ് പരിരക്ഷ. അതിനാൽ, പൊതുസ്വത്ത് നശിപ്പിക്കുന്നതിന് പ്രസ്തുതപരിരക്ഷകൾ ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.