ചെന്നൈ: അണ്ണാ സർവകലാശാലയ്ക്കുകീഴിൽ തമിഴ്‌നാട്ടിലെ എല്ലാ എൻജിനിയറിങ് കോളേജുകളിലും ഓഗസ്റ്റ് 18 മുതൽ ഓൺലൈനായി ക്ലാസാരംഭിക്കും. ബി.ഇ./ബി.ടെക് കോഴ്‌സുകളുടെ മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ വിദ്യാർഥികൾക്കും ബി.ആർക് കോഴ്‌സിൽ മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്ററുകൾക്കും എം.എസ്‌സി., എം.ബി.എ. (ഇന്റഗ്രേറ്റഡ്), എം.സി.എ. കോഴ്‌സുകളുടെ അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്ററുകൾക്കുമാണ് ക്ലാസ് തുടങ്ങുന്നത്. നവംബർ 30 വരെ ക്ലാസ് തുടരും.

കോവിഡ് സാഹചര്യത്തിനനുസരിച്ച് നേരിട്ട് ക്ലാസ് ആരംഭിക്കാൻ സർക്കാർ അനുവദിക്കുകയാണെങ്കിൽ കോളേജുകളിൽ ക്ലാസ് നേരിട്ടാക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ രണ്ടിനും സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 13-നും തുടങ്ങാനാണ് സർവകലാശാലയുടെ പദ്ധതി. പരീക്ഷാക്രമം പിന്നീട് അറിയിക്കും. ആവശ്യമെങ്കിൽ ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി ക്ലാസുകളെടുക്കും. നടപ്പ് സെമസ്റ്ററിൽ ഏഴ് ശനിയാഴ്ചകളെ പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത സെമസ്റ്റർ ആരംഭിക്കുന്നത് 2022 ജനുവരി 19-നായിരിക്കുമെന്നും സർവകലാശാല അറിയിച്ചു.

അതേസമയം, എൻജിനിയറിങ് ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. tneaonline.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 24 ആണ് അവസാന തീയതി. സെപ്റ്റംബറിൽ കൗൺസലിങ് നടത്തി ഒക്ടോബർ അവസാനത്തോടെ പ്രവേശനനടപടികൾ പൂർത്തിയാക്കാമെന്നാണ് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് കണക്കുകൂട്ടുന്നത്. കോവിഡ് വ്യാപന സാഹചര്യമനുസരിച്ച് ഈ തീയതികളിൽ മാറ്റമുണ്ടായേക്കും. കൗൺസലിങ് പൂർത്തിയാകുന്നതോടെ ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അറിയിപ്പും പുറത്തിറക്കും. കോവിഡ് നിയന്ത്രണങ്ങൾകാരണം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ നേരിട്ടുള്ള ക്ലാസുകൾ വിലക്കിയിരിക്കുകയാണ്. ഗവേഷണവിദ്യാർഥികൾക്കുമാത്രമാണ് കാമ്പസുകളിലെത്താൻ അനുമതി.