ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ദളിത് കോളനികളെ വേർതിരിച്ച് ഒമ്പതടി ഉയരത്തിൽ ജാതിമതിൽ നിർമിച്ചതിൽ വൻ പ്രതിഷേധം. പട്ടികജാതി കോളനികളെയും മറ്റു ജാതിക്കാരുടെ കൃഷിയിടങ്ങളെയും വേർതിരിച്ചാണ് മതിൽ നിർമിച്ചത്. തിരുച്ചിറപ്പള്ളി കൽക്കന്തർക്കോട്ടയിലെ രാജീവ്ഗാന്ധി നഗർ പട്ടികജാതി കോളനികൾക്കു സമീപമാണ് ജാതിവിവേചനത്തിന്റെ അടയാളമായി മതിലുയർത്തിയത്. ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമാണം.

മതിലിനെതിരേ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ദളിത് കോളനിയെ വേർതിരിക്കുന്ന ഭാഗത്ത് മാത്രമാണ് മതിൽ ഒമ്പതടി ഉയരത്തിലെന്നും മറ്റുഭാഗങ്ങളിൽ അഞ്ചടി മാത്രമാണ് ഉയരമെന്നും പ്രദേശവാസികൾ പറഞ്ഞു. മതിൽ കെട്ടിയതിനു പിന്നിൽ ജാതി വിവേചനമല്ലാതെ മറ്റൊരു കാരണവുമില്ലെന്നാണ് കോളനി നിവാസികളുടെ ആരോപണം.

പട്ടികജാതിയിൽപ്പെട്ട 300-ലധികം കുടുംബങ്ങൾ രാജീവ് ഗാന്ധി നഗറിൽ താമസിക്കുന്നുണ്ട്. ഇതിൽ പലർക്കും സർക്കാരാണ് വീടുനിർമിച്ചു നൽകിയത്. വർഷങ്ങളായി അവർ കൃഷിപ്പണി ചെയ്തു ജീവിക്കുകയാണ്. ഏതാനും നാളുകൾ മുമ്പാണ് കൃഷിയിടങ്ങൾ വിൽക്കാനെന്ന പേരിൽ ഭൂവുടമകൾ മതിൽ നിർമിച്ചത്. ദളിതർ താമസിക്കുന്ന മേഖലയായതിനാൽ ഭൂമിക്ക് വിലകിട്ടില്ലെന്നും വാങ്ങാൻ വരുന്നവർ പിൻമാറുമെന്നും ഭയന്നാണ് അവർ മതിൽ നിർമിച്ചതെന്ന് കോളനിക്കാർ ആരോപിച്ചു.

മതിൽ വന്നതോടെ കോളനിയിലെ ആളുകളുടെ ജീവിതം ദുരിതപൂർണമായി. വെള്ളം ഒഴുകിപ്പോകാത്തതിനാൽ ചെറിയമഴ വന്നാൽപ്പോലും വീടും പരിസരവും അഴുക്കുചാലായി മാറുന്ന അവസ്ഥയാണെന്ന് അവർ പറഞ്ഞു. പാവങ്ങളെ പതുക്കെ കുടിയൊഴിപ്പിക്കുന്നതിന്റെ തുടക്കമാണ് മതിൽ നിർമാണമെന്ന് സംശയിക്കുന്നതായി സി.പി.എം. നേതാവ് എൻ. കാർത്തികേയൻ പറഞ്ഞു. അതേസമയം, വ്യക്തികൾ അവരുടെ സ്ഥലത്ത് മതിൽ നിർമിക്കുന്നതിനെ എതിർക്കാനാവില്ലെന്നും നിയമാനുസൃതമായതിൽ കൂടുതലാണ് മതിലിന്റെ ഉയരമെങ്കിൽ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജാതിവിവേചനത്തിന്റെ ഭാഗമായി മധുര ജില്ലയിലെ ഉത്താപുരത്ത് മതിൽ പണിതത് നേരത്തേ വൻ വിവാദമായിരുന്നു. ഇതേത്തുടർന്ന് 2008-ൽ ഈ മതിൽ പൊളിച്ചിരുന്നു.