ചെന്നൈ: പട്ടയഭൂമിയിൽനിന്ന് മരംമുറിച്ച കേസിൽ ദേശീയ ഹരിത ട്രിബ്യൂണൽ കേരള സർക്കാരിൽനിന്ന് വിശദീകരണം തേടി. ഓഗസ്റ്റ് 31-ന് വീണ്ടും കേസ് പരിഗണിക്കുന്നതിനുമുമ്പ് വിശദീകരണം നൽകാനാണ് നിർദേശം. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് പാരിസ്ഥിതികാഘാതം അടക്കമുള്ള വിഷയങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. മരംമുറി പരിസ്ഥിതിക്ക്‌ ദോഷമുണ്ടാക്കിയെന്നാണ് ട്രിബ്യൂണലിന്റെ പ്രാഥമിക വിലയിരുത്തൽ.

മുട്ടിലിലും മറ്റിടങ്ങളിലും നടന്ന മരംമുറിയെക്കുറിച്ച് വിശദീകരിക്കണമെന്നാണ് ജസ്റ്റിസ് കെ. രാമകൃഷ്ണൻ നിർദേശിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് എവിടെ നിന്നെല്ലാം മരംമുറിച്ചു, എത്ര മരം മുറിച്ചു, ഇതേത്തുടർന്ന് എത്ര രൂപയുടെ നഷ്ടം സർക്കാരിനുണ്ടായി, നഷ്ടം തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ, മരംമുറികൊണ്ടുള്ള പാരിസ്ഥിതിക ആഘാതങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി മറുപടി നൽകണം.

ചീഫ് സെക്രട്ടറി, റവന്യൂ, വനംവകുപ്പ് സെക്രട്ടറിമാർ, വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, വയനാട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലാ കളക്ടർമാർ എന്നിവർ പ്രത്യേകം വിശദീകരണം നൽകണം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടതിനുശേഷം നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേകസമിതിയെ നിയോഗിക്കാനാണ് സാധ്യത.