ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ പരോൾ തുടർച്ചയായി രണ്ടാം തവണയും നീട്ടി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാതാവ് അർപ്പുതമ്മാൾ നൽകിയ അപേക്ഷയെ തുടർന്നാണ് പരോൾ നീട്ടിയത്. മുൻ ഉത്തരവ് പ്രകാരം ബുധനാഴ്ച അവസാനിക്കേണ്ട പരോൾ 30 ദിവസം കൂടിയാണ് നിട്ടിയത്.

മേയ് അവസാനമാണ് പേരറിവാളന് ആദ്യം പരോൾ അനുവദിച്ചത്. ഇതിന്റെ കാലാവധി അവസാനിക്കാറായതോടെ ജൂണിൽ 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു. അർപ്പുതമ്മാൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരിട്ട് സന്ദർശിച്ച് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്നായിരുന്നു നടപടി. പേരറിവാളൻ അടക്കം ഏഴ് പേരാണ് രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷമായി ജയിലിൽ കഴിയുന്നത്. ഇവരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.