ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം കർഷകരുടെ മക്കൾക്ക് ആയിരം കോടിയുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മെ.

വിവിധ പെൻഷൻ പദ്ധതികളുടെ തുകയും വർധിപ്പിച്ചു. വയോധികർക്കായുള്ള സന്ധ്യാ സുരക്ഷാ പദ്ധതിയിലെ പെൻഷൻതുക 1000 ത്തിൽനിന്ന് 1,200 രൂപയാക്കി. 36 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. വിധവ പെൻഷൻ 600-ൽ നിന്നും 800 രൂപയാക്കി. 17 ലക്ഷം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അംഗപരിമിതർക്കുള്ള പെൻഷൻ 600-ൽ നിന്ന് 800 രൂപയാക്കി. മൊത്തം 1,367.52 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൂടുതൽ ക്ഷേമ പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞക്കുശേഷം വിധാൻസൗധയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കുശേഷമാണ് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത്. സ്കോളർഷിപ്പ് പദ്ധതി കർഷകരുടെ മക്കളെ ഉപരിപഠനത്തിന് പ്രോത്സാഹിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സർക്കാർ കർഷകർക്കും പാവപ്പെട്ടവർക്കും ഒപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.