മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരായ അഴിമതി അന്വേഷണങ്ങളുടെ ഭാഗമായി രണ്ട് പോലീസ് ഓഫീസർമാരുടെ വസതികളുൾപ്പെടെ 12 ഇടങ്ങളിൽ സി.ബി.ഐ. റെയ്ഡ് നടത്തി. സി.ബി.ഐ. അന്വേഷണത്തെ ചോദ്യംചെയ്ത് ദേശ്‌മുഖും സംസ്ഥാന സർക്കാരും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് റെയ്ഡ്.

മുംബൈ, പുണെ, നാസിക്, സാംഗ്ലി, അഹമ്മദ്‌നഗർ എന്നീ നഗരങ്ങളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി റെയ്ഡ് നടത്തിയതെന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് പാട്ടീലിന്റെ മുംബൈയിലെയും പുണെയിലെയും വസതികളിലും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജു ഭുജ്ബലിന്റെ മുംബൈയിലെയും അഹമ്മദ് നഗറിലെയും വസതികളിലും ഏതാനും ഇടനിലക്കാരുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായി സി.ബി.ഐ. അറിയിച്ചു.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപവീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബോംബൈ ഹൈക്കോടതി ഉത്തരവനുസരിച്ച് സി.ബി.ഐ. അന്വേഷണം തുടങ്ങിയത്. മറ്റൊരു കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയ്ക്കാണ് ദേശ്‌മുഖ് ആദ്യം ഈ നിർദേശം നൽകിയതെന്നാണ് പറയുന്നത്. സഞ്ജയ് പാട്ടീലിനോടും രാജു ഭുജ്ബലിനോടും പിന്നീട് ഇതേ നിർദേശം ആവർത്തിച്ചു. ഇതാണ് ഇരുവരുടെയും വീടുകളിൽ റെയ്ഡ് നടത്താൻ കാരണം.

സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ തുടർച്ചയായി അനധികൃത പണമിടപാടു കേസിൽ അന്വേഷണം തുടരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദേശ്‌മുഖുമായി ബന്ധമുള്ള 50-ഓളം സ്ഥാപനങ്ങൾ വഴി നടന്ന സാമ്പത്തിക ഇടപാടുകൾ നിരീക്ഷിച്ചുവരുകയാണ്. മുംബൈയിലെ ബാറുകളിൽ സച്ചിൻ വാസേ 4.70 കോടി രൂപ പിരിച്ചെടുത്തതായും ഈ പണം കടലാസു സ്ഥാപനങ്ങൾ വഴി ദേശ്‌മുഖിന്റെ കുടുംബ ട്രസ്റ്റിലേക്ക് കൈമാറിയതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ദേശ്‌മുഖിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിന്ദേയെയും പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാന്ദേയെയും അറസ്റ്റുചെയ്ത ഇ.ഡി. 4.21 കോടി രൂപയുടെ സ്വത്ത് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി. അന്വേഷണത്തെ ചോദ്യംചെയ്ത് ദേശ്‌മുഖ് നൽകിയ ഹർജി സുപ്രീംകോടതി 30-ന് പരിഗണിക്കും.