ന്യൂഡൽഹി: പെഗാസസ്-കാർഷികനിയമ വിഷയങ്ങളിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ രാജ്യസഭ ബുധനാഴ്ച ബാലനീതി നിയമം ചർച്ചയില്ലാതെ പാസാക്കി.

കുട്ടികളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും അഡീഷണൽ മജിസ്‌ട്രേറ്റുമാർക്കും കൂടുതൽ ഉത്തരവാദിത്വം നൽകുന്ന തരത്തിൽ 2015-ലെ ബാലനീതി നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് ശബ്ദവോട്ടോടെ പാസാക്കിയത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാവും.

ചില പേരുകേട്ട പാർലമെന്റേറിയന്മാർ അവർ യോജിച്ചതെന്നു കരുതുന്ന വിഷയങ്ങൾക്കായി ഇപ്പോൾ സഭയുടെ നടുത്തളത്തിൽ ബഹളമുണ്ടാക്കുകയാണെന്ന് വനിതാ- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബിൽ സഭയുടെ പരിഗണനയ്ക്കായി മുന്നോട്ടുവെച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്രയധികം തടസ്സപ്പെടുത്തലുകളുണ്ടായിട്ടും രാജ്യത്തെ കുട്ടികൾ സംരക്ഷണവും ശ്രദ്ധയും അർഹിക്കുന്ന കാര്യം സഭ അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നതോടെ സഭ പിരിഞ്ഞു. ബഹളത്തിനിടെ മൂന്നുതവണയാണ് സഭ നിർത്തിവെച്ചത്.