ന്യൂഡൽഹി: പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടേണ്ട വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. രാഷ്ട്രീയധാർമികത അൽപ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ശിവൻകുട്ടിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. നിയമനിർമാണസഭകളിലെ അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണങ്ങൾ കേരളസർക്കാരിന് കിട്ടിയ കരണത്തടിയാണ്. അക്രമത്തെ ന്യായീകരിക്കാൻ നികുതിപ്പണം ചെലവിട്ടതിന് മുഖ്യമന്ത്രി ജനങ്ങൾക്ക് വിശദീകരണം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പൊതുമുതൽ നശിപ്പിച്ചവർ മന്ത്രിയായിരിക്കുന്നത് അപമാനമാണെന്നും വി. ശിവൻകുട്ടിക്ക് ഇനി ഒരുനിമിഷംപോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും ബി.ജെ.പി. വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തോട് മാപ്പുപറഞ്ഞ് ശിവൻകുട്ടിയെ പുറത്താക്കൽമാത്രമാണ് മുഖ്യമന്ത്രിക്ക് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.