ഷിംല/ജമ്മു: ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ബുധനാഴ്ചയുണ്ടായ മേഘസ്ഫോടനങ്ങളിൽ 16 പേർ മരിച്ചു. ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ചെറുവൈദ്യുതനിലയവും തകർന്നു.

ജമ്മുവിലെ കിശ്ത്വാറിൽ പുലർച്ചെ 4.30-ഓടെയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഏഴുപേർ മരിച്ചു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ കാണാതായ 14 പേർക്കായി പോലീസും സൈന്യവും സംസ്ഥാനദുരന്ത പ്രതികരണസേനയും തിരച്ചിൽ ഊർജിതമാക്കി.

ഹിമാചൽ പ്രദേശിലെ ലാഹൗൽ-സ്പിതിയി താഴ്‌വരയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപതുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. മൂന്നുപേരെ കാണാതായി. കുളു ജില്ലയിൽ ഡൽഹിയിൽനിന്നുള്ള വിനോദസഞ്ചാരി, ജലവൈദ്യുതനിലയത്തിലെ ഉദ്യോഗസ്ഥൻ, അമ്മയും കുഞ്ഞും എന്നിവർ മരിച്ചതായി റിപ്പോർട്ടുണ്ട്.

ലഡാക്കിലെ കാർഗിലിൽ രണ്ടിടത്തായി മേഘസ്ഫോടനങ്ങളുണ്ടായി. ചെറുവൈദ്യുതപദ്ധതിക്ക് നാശനഷ്ടമുണ്ടായി. 12-ഓളം വീടുകൾ തകർന്നു. കൃഷിയിടങ്ങളിലും വ്യാപകനാശമുണ്ട്. ആർക്കും ജീവഹാനിയില്ല. കാർഗിലിലെ സാൻഗ്ര, ഖൻഗ്രാൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.

മരണങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.